ന്യൂഡല്‍ഹി : വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ മടക്കിനല്‍കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. സ്വന്തം മണ്ഡലമായ തമിഴ്നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോടതി കാര്‍ത്തിയോടു നിര്‍ദേശിച്ചു. വിദേശത്തു പോകണമെങ്കില്‍ വീണ്ടും പത്തു കോടി കൂടി കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കാര്‍ത്തി ഈ വര്‍ഷം ആദ്യം വിദേശയാത്രയ്ക്ക് അനുമതി തേടിയപ്പോഴാണ് പത്തു കോടി രൂപ കെട്ടിവച്ചത്. തുടര്‍ന്നു വിദേശത്തു പോകാന്‍ കോടതി അനുമതി നല്കി. ടെന്നിസ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വീണ്ടും അമേരിക്കയ്ക്കു പോകാന്‍ അനുമതി തേടി ഈ മാസം ആദ്യം കാര്‍ത്തി കോടതിയെ സമീപിച്ചു. ആദ്യ ഗ്യാരന്റിക്കു പുറമേ പത്തു കോടി കൂടി കെട്ടിവയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു.
ഈ സാഹചര്യത്തിലാണ് ആദ്യം കെട്ടിവച്ച പത്തു കോടതി തിരികെ നല്‍കണമെന്ന് കാര്‍ത്തി ആവശ്യപ്പെട്ടത്. വായ്പയെടുത്താണു പണം നല്‍കിയതെന്നും പലിശ അടച്ചുകൊണ്ടിരിക്കുകയാണെന്നും കാര്‍ത്തി പറഞ്ഞു. എന്നാല്‍ ഗ്യാരന്റി തുക 20 കോടിയായി ഉയര്‍ത്തിയാല്‍ എന്താകും എന്നായിരുന്നു കോടതിയുടെ മറുചോദ്യം. എയര്‍സെല്‍ മാക്സിസ്, ഐഎന്‍എക്സ് മീഡിയ എന്നീ കേസുകളില്‍ കാര്‍ത്തിയും പിതാവ് പി. ചിദംബരവും അന്വേഷണം നേരിടുകയാണ്.
കാര്‍ത്തിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. അന്വേഷണവുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 51 ദിവസം കാര്‍ത്തി വിദേശത്തായിരുന്നുവെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ശിവഗംഗയില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് കാര്‍ത്തി ഇക്കുറി വിജയിച്ചത്.
Post Your Comments