KeralaLatest News

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ

എറണാകുളം : സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതോടൊപ്പം ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വിമര്‍ശിച്ച് എറണാകുളം- അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചതിനെതിരെ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ രംഗത്തെത്തി. കര്‍ദ്ദിനാളിനെതിരെ തയ്യാറാക്കിയത് വ്യാജരേഖ തന്നെയാണെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. വ്യാജരേഖ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ജേക്കബ് മനത്തോടത്ത് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടിലെന്നായിരുന്ന സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം.

പള്ളികളില്‍ വായിച്ച സര്‍ക്കുലറിനെതിരെയാണ് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായിരിക്കുന്ന പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത് നിര്‍ഭാഗ്യകരമാണ്. രേഖകള്‍ വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ആയതിനാല്‍ കേസില്‍ പ്രതികളായവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടതുണ്ട്. ആന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ട് പോവണം എന്നീ കാര്യങ്ങളാണ് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ഫാദര്‍ പോള്‍ തേലക്കാടിനെയും ഫാദര്‍ ജേക്കബ് മനത്തോടത്തെയും പ്രതിസ്ഥാനത്ത് നിന്ന് നീക്കേണ്ടത് പൊലീസും കോടതിയുമാണ്. ആലഞ്ചേരി പിതാവ് ഇക്കാര്യത്തില്‍ വാക്കുപാലിച്ചില്ല എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button