ലഖ്‌നൗ: അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില്‍ ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. അന്വേഷണം പുരോഗമിക്കുകയായതിനാല്‍ ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. സിങ്ങിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തീവാരി പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് യുപി പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമെന്ന് പറഞ്ഞിരുന്ന അമേഠിയല്‍ രാഹുലിന്റെ വമ്പന്‍ പരാജയമാണോ കൊലയ്ക്കു കാരണമെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസമാണ് അക്രമിസംഘം സിങ്ങിനെ വെടിവച്ചുകൊന്നത്. തുടര്‍ന്ന് ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായവര്‍, ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തവരിലുള്ളവര്‍ ആണെന്നാണ് സൂചന.സിങ്ങിനോട് ആര്‍ക്കെങ്കിലും മുന്‍ വൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ഉണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
50 കാരനായ സിങ്ങിനെ ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് വെടിവച്ചുകൊന്നത്. ലഖ്‌നൗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍പ്പിച്ചതിന്റെ തൊട്ടു പിന്നാലെയാണ് കൊലപാതകം നടന്നതും. നാട്ടില്‍ വലിയ ജനസ്വാധീനമുള്ള, മുന്‍ഗ്രാമത്തലവന്‍ കൂടിയാണ് സിങ്ങ്. സ്മൃതിയുടെ വലംകൈയായിരുന്ന സിങ്ങിനെ തോല്‍വിയില്‍ രോഷം പൂണ്ട കോണ്‍ഗ്രസുകാരാണ് വധിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തന്റെ പിതാവിനോട് കോണ്‍ഗ്രസിന് രാഷ്ട്രീയ ശത്രുത ഉണ്ടായിരുന്നുതായി സിങ്ങിന്റെ മകനും ആരോപിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിങ്ങിനെ വെടിവച്ച് കൊന്നവരെ 12 മണിക്കൂറിനുള്ളില്‍ കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments