ഖത്തര്‍ അമീറിന് അടിയന്തര ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാൻ ക്ഷണം, ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം. വരുന്ന മുപ്പതിന് മക്കയില്‍ നടക്കുന്ന അടിയന്തര ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സൗദി രാജാവ് ഖത്തറിനെ ക്ഷണിച്ചിരിക്കുന്നത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചു.
ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി മുഖേനയാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഖത്തര്‍ അമീറിന് സന്ദേശമയച്ചത്.ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനിയാണ് സന്ദേശം സ്വീകരിച്ചത്.
പക്ഷേ ഇതുവരെയും ഖത്തര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒപെക്കില്‍ നിന്നും ഖത്തര്‍ പിന്മാറിയതിന് തൊട്ടുപിന്നാലെ നടന്ന ജി.സി.സി ഉച്ചകോടിയിലും ഖത്തര്‍ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം വന്നിരുന്നു. എന്നാല്‍ വിദേശകാര്യ സഹമന്ത്രിയെയാണ് അന്ന് ഖത്തര്‍ ഉച്ചകോടിയിലേക്ക് അയച്ചിരുന്നത്.
പലവിധ കാരണങ്ങള്‍ ആരോപിച്ച് ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ കര-വ്യോമ നാവിക ഉപരോധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് സൗദിയുടെ നീക്കം. ഇറാനെതിരായ അമേരിക്കന്‍ നീക്കങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മക്കയില്‍ അടിയന്തിര ജി.സി.സി യോഗം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സൗദിക്കെതിരായ ഹൂതി ആക്രമണം, എണ്ണ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് വിവരം
Post Your Comments