KeralaLatest NewsEntertainment

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 പ്രഖ്യാപിച്ചു. ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയൽ, ടെലിഫിലിം സംവിധായകൻ. അമൃതാ ടിവിയിൽ പ്രക്ഷേപണം ചെയ്ത ശിവമോഹൻ തമ്പി സംവിധാനം ചെയ്ത ക്ഷണപ്രഭാചഞ്ചലമാണ് മികച്ച ടെലി സീരിയൽ. കാലൻ പോക്കര് ഒരു ബയോപിക് ആണ് 20 മിനിട്ടിൽ താഴെയുള്ള മികച്ച ടെലിഫിലിം. ബിൻസാദ് വി. എം ആണ് ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും. കുമാർദാസ് വി.കെ നിർമാണം.

20 മിനിട്ടിൽ കൂടിയ ടെലിഫിലിം വിഭാഗത്തിൽ ദേഹാന്തരത്തിനാണ് പുരസ്‌കാരം. ദേഹാന്തരത്തിലെ അഭിനയത്തിന് രാഘവന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. പ്രൊഫ. അലിയാർ, ഷാഹീൻ സിദ്ദിഖ് എന്നിവരാണ് മികച്ച രണ്ടാമത്തെ നടൻമാർ. ദേവാംഗനയിലെ അഭിനയത്തിന് സീന ആന്റണിയാണ് മികച്ച നടി. വത്‌സല മേനോൻ മികച്ച രണ്ടാമത്തെ നടിയായി. സ്വസ്തിക ബി. മനോജാണ് മികച്ച ബാലതാരം. ബിജിബാലിന് മികച്ച സംഗീത സംവിധാനത്തിനും ഷൈജൽ പി. വിയ്ക്ക് മികച്ച ചിത്രസംയോജനത്തിനും പ്രിജിത്തിന് മികച്ച ഛായാഗ്രഹണത്തിനുമുള്ള അവാർഡുകൾ ലഭിച്ചു.

ജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാൻഡ് എന്നിവർക്കാണ് മികച്ച ശബ്ദലേഖന പുരസ്‌കാരം. കൈരളി പീപ്പിളിലെ സമശീതോഷ്ണാവസ്ഥയ്ക്കാണ് പുരസ്‌കാരം. സുജിത് രാഘവാണ് മികച്ച കലാസംവിധായകൻ. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം അമ്പൂട്ടിക്കും പാർവതി പ്രകാശിനുമാണ്. കിഷോർ എൻ. കെ, അപ്‌സര എന്നിവരാണ് മികച്ച ഹാസ്യാഭിനേതാക്കൾ. ആൽബി ഫ്രാൻസിസ് സംവിധാനം ചെയ്ത ഒള്ളത് പറഞ്ഞാലാണ് മികച്ച കോമഡി പ്രോഗ്രാം. അമൃത ടിവി നിർമിച്ച ഓട്ടം ലീഫ് ദിബിഗ് സ്റ്റേജ് ആണ് മികച്ച ടിവി ഷോ.

ശ്യാം കൃഷ്ണയാണ് മികച്ച കഥാകൃത്ത്. ആന്റണി ആന്റണിയുടെ സംവിധാനത്തിൽ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഡിസംബറിലെ ആകാശമാണ് മികച്ച രണ്ടാമത്തെ സീരിയൽ. അഭിനയത്തിൽ വിജയ് മേനോൻ, അനീഷ് രവി, ഛായാഗ്രഹണത്തിന് സിനു സിദ്ധാർത്ഥ്, ശബ്ദ ലേഖനത്തിന് രൂപേഷ് ആർ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശമുണ്ട്. വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത വാൾട്ടർ ഡിക്രൂസ് സംവിധാനവും സിക്സ്റ്റസ് പോൾസൺ നിർമാണവും നിർവഹിച്ച ഓഖി: കടൽ കാറ്റെടുത്തപ്പോൾ ആണ് മികച്ച ജനറൽ ഡോക്യുമെന്ററി. സയൻസ് പരിസ്ഥിതി വിഭാഗത്തിൽ ജയ ജോസ് രാജ് സംവിധാനവും നിർമാണവും നിർവഹിച്ച കുമുദിനി ഒരു ആമ്പൽപ്പൂവിൻ കഥയാണ് മികച്ച ഡോക്യുമെന്ററി.

ബയോഗ്രഫി വിഭാഗത്തിൽ ഐ. പി. ആർ. ഡി നിർമിച്ച് നീലൻ സംവിധാനം നിർവഹിച്ച പ്രേംജി: ഏകലോചന ജൻമം ആണ് മികച്ച ഡോക്യുമെന്ററി. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിൽ ആർ. പാർവതിദേവി നിർമിച്ച് പ്രിയ രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ജീവിതത്തിന് പേര് സംഗീതമാണ് മികച്ച ഡോക്യുമെന്ററി. ശ്രീനാഥ് വി. സംവിധാനം ചെയ്ത വൺ ഇൻ മില്യൺസ് ആണ് മികച്ച വിദ്യാഭ്യാസ പരിപാടി. ഡോ. ജിനേഷ് കുമാർ എരമം, ദീപക് ജി. നായർ എന്നിവരാണ് മികച്ച ആങ്കർ. ഡോക്യുമെന്ററി വിഭാഗത്തിൽ പ്രളയബാക്കി കടലിന്റെ മക്കൾ, കരയുടെയും പരിപാടി ചെയ്ത ബിജി തോമസ് ആണ് മികച്ച സംവിധായകൻ.

ഏഷ്യാനെറ്റ് ന്യൂസിലെ സുജിത്ത് സുന്ദരേശനാണ് മികച്ച ന്യൂസ് ക്യാമറാമാൻ. മനോരമ ന്യൂസിലെ പത്തുമണി വാർത്തയ്ക്ക് ഡെൻസിൽ ആന്റണി മികച്ച വാർത്താവതാരകനായി. മായ വി.യാണ് മികച്ച ആങ്കർ. ഗിരീഷ് പുലിയൂർ, ഷീല രാജ് എന്നിവരാണ് മികച്ച കമന്റേറ്റർ. കൈരളി ടിവിയിലെ ഞാൻ മലയാളിയുടെ അവതാരകൻ ജോൺ ബ്രിട്ടാസ് ആണ് മികച്ച ഇന്റർവ്യൂവർ. ഏഷ്യാനെറ്റ് ന്യൂസിൽ അവതരിപ്പിച്ച ന്യൂനപക്ഷ സ്‌കോളർഷിപ്പ് തട്ടിപ്പ് എന്ന വാർത്തയ്ക്ക് കെ. അരുൺകുമാർ മികച്ച ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായി. മനോരമ ന്യൂസിലെ ന്യൂസ് മേക്കറാണ് മികച്ച ടിവി ഷോ. ജോയ്ഫുൾ സിക്‌സ്, ബാലകവിതകൾ എന്നിവയാണ് മികച്ച കുട്ടികളുടെ പരിപാടി. മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം കെ. കുഞ്ഞികൃഷ്ണന്റെ പ്രളയകാലത്തെ മലയാളം ടെലിവിഷൻ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button