ഗുവാഹത്തി: നാട്ടാന ചരിഞ്ഞാൽ ഒരുപാട് ആനപ്രേമികൾ ദുഃഖിക്കും, ആനപ്രേമികളുടെ നാടായ കേരളത്തിൽ പലപ്പോഴും ആ കാഴ്ച നാം കണ്ടിട്ടുമുണ്ട്. എന്നാൽ ഒരു കാട്ടാന ചരിഞ്ഞാലോ? ബുർഹാ ബാബാ എന്ന കാട്ടാന ചരിഞ്ഞതിന്റെ വിഷമത്തിലാണ് ഗുവാഹത്തിയിലെ ഒരു ഗ്രാമം മുഴുവൻ ഇപ്പോൾ. നാട്ടാനയെക്കാൾ പ്രീയപ്പെട്ടവനായിരുന്നു നാട്ടുകാർക്ക് വൃദ്ധ സന്യാസി എന്നർത്ഥമുള്ള ബുർഹാ ബാബാ.
മൂന്ന് വര്‍ഷം മുൻപ് ഗ്രാമത്തിനടുത്ത് വെച്ച് ട്രെയിൻ തട്ടിയാണ് ആനയ്ക്ക് പരിക്കേൽക്കുന്നത്. അന്ന് തൊട്ട് മരണം വരെ ആ ആന കലിയാബോര്‍ ഗ്രാമത്തിലെ അംഗമായിരുന്നു, പരിക്കേറ്റ് ചികിത്സയിലായിരുന്ന കാലത്ത് ഏത് നേരവും ആനയ്ക്ക് ചുറ്റും ഗ്രാമവാസികളുണ്ടാവും. ഗ്രാമം മുഴുവനും ഈ കൊമ്പന് കാവൽ നിന്നു. ആവശ്യമുള്ളപ്പോളൊക്കെ ആനയ്ക്ക് ആഹാരവും വെള്ളവും നൽകി. ഒരിക്കൽ പോലും ആന നാട്ടുകാരെയോ നാട്ടുകാർ ആനയെയോ ആക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല.
മുറിവുണങ്ങിയ ശേഷവും ആന കാട്ടിലും ഗ്രാമത്തിലുമായി കഴിഞ്ഞു. ഒരിക്കലും ഗ്രാമവാസികളെ ആക്രമിച്ചില്ല. ഗ്രാമത്തോട് ചേര്‍ന്ന് തേങ്കാബാരി എന്ന സ്ഥലത്താണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.
Post Your Comments