ആലപ്പുഴ: ശബരിമല വിഷയത്തില്‍ നവോത്ഥാന സമിതിയിൽ ഭിന്നത. പുന്നല ശ്രീകുമാറിനെതിരെ വെള്ളാപ്പള്ളി നടേശന്റെ വിമർശനം. അഭിപ്രായവ്യത്യാസങ്ങൾ സമിതയുടെ വേദിയിലാണ് പറയേണ്ടതെന്നും മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യ വിമർശനങ്ങൾ ശരിയല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ നവോത്ഥാന സമിതിയില്‍ നിന്ന് പുറത്ത് പോകുമെന്നായിരുന്നു സമിതിയുടെ കണ്‍വീനര്‍ കൂടിയായ പുന്നല ശ്രീകുമാറിന്റെ പ്രതികരണം.
ഇതിനെതിരെയാണ് നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ശബരിമല വിഷയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ തെറ്റ് തിരുത്താൻ ഇടപെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ സമിതിയിൽ പറയണമെന്നും പൊതു ഇടങ്ങളിൽ വിവാദങ്ങളുണ്ടാക്കി ശത്രുക്കള്‍ക്ക് അടിക്കാനുള്ള വടി കൊടുക്കുകയല്ല വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിന് ജാഗ്രത കുറവ് ഉണ്ടായി എന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി സർക്കാരിനെ തിരുത്താൻ സമിതിയിൽ ഇടപെടുമെന്നും ശബരിമല വിഷയത്തിന്റെ ഗുണം ലഭിച്ചത് യുഡിഎഫിനാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ നവോത്ഥാന സമിതി യോഗം വിളിച്ച് ചേർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments