കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാന്‍ തയ്യാറാണെന്ന മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം നാടകമാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. വാര്‍ത്തകളിലിടം പിടിക്കാനുള്ള മമതയുടെ തന്ത്രം മാത്രമാണ് അതെന്നും അദ്ദേഹം ആരോപിച്ചു.തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂലിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ബിജെപി വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്‌തു.
ഒരുകാലത്ത് മമതയുടെ വലംകൈയ്യായിരുന്ന മുകുള്‍ റോയ് ആണ് ഇക്കുറി ബിജെപി വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യനെന്നാണ് വിലയിരുത്തല്‍.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാന്‍ താന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചെന്നും തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും അംഗീകരിച്ചില്ലെന്നുമാണ് മമത കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടത് വെറും നാടകമാണെന്നാണ് മുകുൾ റോയി പറയുന്നത്.
വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിസ്ഥാനം ത്യജിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞത്. സത്യത്തില്‍ മമത രാജിക്കത്ത് സ്വന്തം പേര്‍ക്ക് എഴുതുകയും പിന്നീടത് സ്വയം തള്ളിക്കളുകയുമായിരിക്കും ചെയ്‌തതെന്നും മുകുള്‍ റോയ് പറഞ്ഞു.അധികാരം വിട്ടൊരു കളിക്കും മമത തയ്യാറാവില്ല. ഈ പ്രസ്‌താവന വേണമെങ്കില്‍ താന്‍ എഴുതി നല്‍കാം. ജനങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിച്ച് മമതയെ ചവറ്റുകുട്ടയില്‍ തള്ളുന്നത് വരെ അവര്‍ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കില്ല എന്നും മുകുള്‍ റോയ് പറഞ്ഞു.
Post Your Comments