KeralaLatest News

കാറും ലോറിയും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കാറും ലോറിയും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം . കോട്ടയം കോടിമതയിലാണ് അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജ് മുന്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഡോ.സുഭദ്ര അന്തര്‍ജനമാണ് (64) അപകടത്തില്‍ മരിച്ചത്.ഭര്‍ത്താവ് പേയാട് കുണ്ടമണ്‍ ഭാഗം വഞ്ചിയൂര്‍ മഠത്തില്‍ ഡോ.പരമേശ്വരന്‍ പോറ്റി, കാര്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നു കോട്ടയം കോടിമത പെട്രോള്‍ പമ്പിനു സമീപമാണ് അപകടം. ഏറ്റുമാനൂരിലെ മകളുടെ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും . മുന്‍സീറ്റിലായിരുന്നു ഡോ.സുഭദ്രാ അന്തര്‍ജനം ഇരുന്നത്. ഈ ഭാഗമാണ് ലോറിയില്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ടെത്തിയവരും സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരും ചേര്‍ന്നാണു പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോ.സുഭദ്രയെ രക്ഷിക്കാനായില്ല.

ഡോ. പരമേശ്വരന്‍ പോറ്റിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ മുട്ടം സ്വദേശിയാണ് ഡോ.സുഭദ്ര. സംസ്‌കാരം ഇന്നു പേയാട് വിട്ടിയത്തു നടക്കും. തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജില്‍ നിന്നു വിരമിച്ച ഡോ.പരമേശ്വരനും ഡോ.സുഭദ്രയും കൊല്ലം വള്ളിക്കാവ് അമൃത ആശുപത്രിയില്‍ പ്രഫസര്‍മാരായി ജോലി ചെയ്യുകയായിരുന്നു. കുണ്ടമണ്‍ ഭാഗത്തെ വീടിനോടു ചേര്‍ന്നു വഞ്ചിയൂര്‍ മഠം ആയുര്‍വേദ സന്നിധാനം എന്ന പേരില്‍ ആശുപത്രിയും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button