Latest NewsIndia

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ നാലംഗസംഘം കൊലപ്പെടുത്തി

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ ചന്ദന്‍ ഷാ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ചന്ദന്‍. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാളെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ചന്ദന്‍ ഷായെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കലാപസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ തോതിലുള്ള ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തെ ബിജെപി റാലിക്ക് പിന്നാലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് അമേഠിയില്‍ ബിജെപി എം.പി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button