Latest NewsAutomobile

ഉപഭോക്താവിനോട് അമിത നിരക്ക് ഈടാക്കി; ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ഉപഭോക്താവിനോട് അമിത നിരക്ക് ഈടാക്കി, നാനോ കാര്‍ വാങ്ങിയ ഉപഭോക്താവിനോട് അമിതമായ നിരക്ക് ഈടാക്കിയ സംഭവത്തില്‍ ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി. തെലുങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ ഡി ശ്രീധര്‍ റെഡ്ഡിയുടെ പരാതിയിലാണ് കോടതി ഉത്തരവ്.

കൃത്യമായി പറഞ്ഞാൽ 2015 ഏപ്രിലിലാണ് കേസിനാസ്‍പദമായ സംഭവം നടക്കുന്നത്. നല്‍ഗൊണ്ടയിലെ സ്റ്റാര്‍ മോട്ടോര്‍സില്‍ നിന്നും 1,39,000 രൂപ നല്‍കിയാണ് ശ്രീധര്‍ ടാറ്റ നാനോ CX വാങ്ങുന്നത്. എന്നാല്‍ തുക നല്‍കിയതിനു ശേഷം ലഭിച്ച ഇന്‍വോയ്‌സ് കണ്ട ശ്രീധര്‍ അമ്പരന്നു. താന്‍ മുടക്കിയ 1,39,000 എന്ന തുകയ്ക്ക് പകരം 1,19,519 രൂപയെന്ന് മാത്രമാണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.

ഉപഭോക്താവിന് നൽകിയ ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയതിനെക്കാളും ഏകദേശം 16.2 ശതമാനും അധിക തുകയാണ് ഡീലര്‍ഷിപ്പ് ഈടാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീധര്‍ നല്‍ഗൊണ്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. വാദങ്ങള്‍ കേട്ട ഉപഭോക്തൃ ഫോറം ഒടുവില്‍ പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ഈടാക്കിയ അമിത തുക ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ തിരിച്ച് നല്‍കാനും വിധിച്ചു.

പക്ഷേ ഫോറത്തിന്‍റെ വിധി ശ്രീധറിന് തൃപ്തികരമായില്ല. തുടര്‍ന്ന് ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്ക് 24 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീധര്‍ മേല്‍ കമ്മീഷനെ സമീപിച്ചു. എന്നാല്‍, പരാതിക്കാരന്റെ ഈ വാദത്തില്‍ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍. നിശ്ചയിച്ച ഒമ്പത് ശതമാനം ന്യായമായ തുകയാണെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ അധിക തുക ഈടാക്കിയ ഡീലര്‍ഷിപ്പിന്റെ രീതി ശരിയല്ലെന്ന് വിലയിരുത്തി. തുടര്‍ന്ന് നഷ്ട പരിഹാരമായി നിര്‍ദ്ദേശിച്ച 5,000 രൂപയ്ക്ക് പകരം 50,000 രൂപ ഉടമയ്ക്ക് നല്‍കണമെന്നും വിധിച്ചു.

എന്തായാലും നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷവാനാണ് ശ്രീധര്‍ റെഡ്ഡി. ഏറെ കൊട്ടിഘോഷിച്ച നാനോയുടെ ഉല്‍പ്പാദനം ഇതിനിടെ ടാറ്റ ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്നത് മറ്റൊരു കൗതുകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button