അമേത്തി•അമേത്തിയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി ജാമോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഗിന്റെ വസതിയില്‍ വച്ചാണ് സംഭവം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലക്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ സ്മൃതി ഇറാനി ഗ്രാമീണര്‍ക്ക് ഷൂ വിതരണം നടത്തിയെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആരോപണത്തിലൂടെ ബരൗലിയ ഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇറാനിയുടെ അടുത്ത അനുയായിയെന്ന് പ്രദേശവാസികള്‍ പറയുന്ന സുരേന്ദ്ര സിംഗ് ചെരുപ്പ് വിതരണത്തില്‍ പങ്കാളിയായിരുന്നു.
വെള്ളിയാഴ്ച നടന്ന വോട്ടെണ്ണലില്‍ അമേത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി 55,120 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. 4,67,598 വോട്ടുകളാണ് സ്മൃതി നേടിയത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായി കരുതപ്പെടുന്ന അമേത്തി മണ്ഡലത്തില്‍ നിന്ന് 2004 മുതല്‍ രാഹുല്‍ ഗാന്ധിയയിരുന്നു വിജയിച്ചിരുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 1,07,903 വോട്ടുകള്‍ക്ക് രാഹുല്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയിരുന്നു.
Post Your Comments