കൊച്ചി : ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ട് കലുഷിതമായ യാക്കോബായ സഭ ശാന്തമാകുന്നു. പാത്രിയാര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സിനഡിലാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിലവിലെ സമിതിയെ നില നിര്‍ത്താനും മൂന്നുമാസത്തിനകം ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനും സഭാ ആസ്ഥാനത്ത് ചേര്‍ന്ന സിനഡില്‍ ധാരണയായി.
സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചുമതലയടക്കം നല്‍കിയാണ് നിലവിലെ മെത്രാപ്പൊലീത്തന് ട്രസ്റ്റി സമിതിയെ നില നിര്ത്താന്‍ പാത്രിയാക്കിസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ ധാരണയായത്. കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, അങ്കമാലി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സേവേറിയോസ് എന്നിവരാണ് സമിതിയില്‍ ഉള്ളത്. ഇവരില്‍ ഒരാളെ താല്‍കാലിക കണ്‍വീനര്‍ ആയി ഉടന്‍ തിരഞ്ഞെടുക്കാനും മൂന്ന് മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പു നടത്താനും പാത്രിയാക്കീസ് ബാവ സിനഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശ്രേഷ്ഠ കാതോലിക്കാ പദവി ഒഴിയാന്‍ അനുവദിക്കണമെന്ന ബസേലിയോസ് മാര്‍ തോമസ് പ്രഥമന്‍ ബാവയുടെ അഭ്യര്‍ത്ഥന സിനഡ് അംഗീകരിച്ചില്ല.
Post Your Comments