കല്യാണി•പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 23 കാരനായ ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ചക്ദഹ പട്ടണത്തില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ചക്ദഹ പട്ടണത്തിലെ തബബന്‍ പ്രദേശത്ത് താമസിക്കുന്ന സന്തു ഘോഷ് ആണ് കൊല്ലപ്പെട്ടത്. ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ഘോഷിന് നേരെ അക്രമികള്‍ തൊട്ടടുത്ത് നിന്നാണ് വെടിയുതിര്‍ത്തത്.
കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി നാദിയ ജില്ലാ കമ്മിറ്റി ജനറല്‍സെക്രട്ടറി തരക് സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നാദിയയിലെ ദേശീയപാത 34 ഉപരോധിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രസേനയെ വിന്യസിച്ചതായി പോലീസ് പറഞ്ഞു.
സന്തു ഘോഷ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് മാറിയതെന്ന് പറയപ്പെടുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments