KeralaLatest News

സ്വ‍ർണ കവ‍‍ർച്ച കേസ്: പ്രതികൾ കുറ്റം സമ്മതിച്ചു

ആലുവ: ആലുവ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണം കവർന്നതായി പ്രതികൾ സമ്മതിച്ചു. സ്വർണം കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. ആലുവ സിജിആർ മെറ്റലോയിസിലെ ഡ്രൈവർ സതീഷ്, ഇടുക്കി സ്വദേശികളായ നസീബ്, സനീഷ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിൻ ജോർജ്ജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ ആസൂത്രകൻ അടക്കം നാല് പേരെ പൊലീസ് പിടികൂടിയത്.

മൂന്നാറിനടുത്ത് സിങ്ക്കണ്ടത്തെ കാടിനകത്ത് എയർ ഗൺ അടക്കമുള്ള ആയുധങ്ങളുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പൊലീസിനെ കണ്ടതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പ്രതികൾക്ക് പരുക്കേറ്റു. പൊലീസുകാർക്ക് നിസ്സാര പരുക്കേറ്റിരുന്നു. എടയാറിലെ സ്വർണ്ണ ശുദ്ധീകരണ കമ്പനിയിലെ മുൻ ഡ്രൈവറായ സതീഷ് ഏതാനും മാസം മുമ്പാണ് കമ്പനി വിട്ടത്. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇടുക്കി മുരിക്കാശ്ശേരി സ്വദേശി സതീഷ്.

shortlink

Post Your Comments


Back to top button