KeralaLatest News

ബന്ധുവിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റില്‍

കിളിമാനൂര്‍: ബന്ധുവിന്റെ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ യുവതി അറസ്റ്റില്‍.
എറണാകുളത്ത് ഹോംനഴ്‌സ് ആയ തെന്നൂര്‍ സ്വദേശി അംബികയാണ് പോലീസിന്റെ
പിടിയിലായത്. സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ ബന്ധുവിന്റെ മൂന്ന് വയസുള്ള ആണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ വില്‍ക്കാനായാണ് കടത്തിയത്.

ഏറെ നേരമായിട്ടും അംബികയെയും കുട്ടിയെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ അംബികയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഫോണ്‍ സ്വിറ്റ്ച്ച്ഡ് ഓഫ് ആവുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയാണെന്ന് വ്യക്തമായി. തൃശൂര്‍ ഭാഗത്തേക്കാണ് ഇവര്‍ പോകുന്നതെന്ന് മനസിലായതോടെ റെയില്‍വേ പോലീസിന് വിവരം കൈമാറി. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ റെയില്‍വേ പൊലീസ് തൃശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. കുട്ടിയെ വില്‍ക്കാനാണ് തട്ടിക്കൊണ്ടു പോയതെന്ന് അംബിക പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button