അബുദാബി: ഒത്തൊരുമയുടെ സന്ദേശം, സമൂഹ നോമ്പുതുറയ്ക്ക് അവസരമൊരുക്കി അബുദാബി മുസഫ സെന്‍റ് പോള്‍സ് കത്തോലിക്ക ദേവാലയം. ബാങ്ക് വിളിക്കും നമസ്കാരത്തിനും സൗകര്യമൊരുക്കിയ പള്ളിയില്‍ ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇതാദ്യമായാണ് ഈ ദേവാലയത്തില്‍ നമസ്കാരവും ഇഫ്താറും നടക്കുന്നത്.
കൂടാതെ മതമൈത്രി വിളിച്ചോതുന്ന മുസഫ വ്യവസായ മേഖലയിലെ ലേബര്‍ ക്യാമ്പിലെ അഞ്ഞൂറിലേറെ ഇസ്ലാം മതവിശ്വാസികളാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. അബുദാബി പൊലീസ് മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സാദി, ഇന്‍സ്പെക്ടര്‍ സെയ്ദ് അല്‍ സബൂസി തുടങ്ങിയവരും ഇഫ്താറില്‍ പങ്കെടുത്തു.
അതുപോലെ നിന്നെപ്പോലെ തന്നെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന ക്രിസ്തുവചനം അനുസരിച്ച് ഒരുക്കിയ ഇഫ്താര്‍ ഈ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള നന്ദി പ്രകടനം കൂടിയാണെന്ന് ഇടവക വികാരി ഫാ. അനി സേവ്യര്‍ പറഞ്ഞു. സാഹോദര്യം ഊട്ടിയുറപ്പിക്കാനും സ്നേഹം ശക്തിപ്പെടുത്താനും സമൂഹ ഇഫ്താറിലൂടെ സാധിച്ചതായി മലയാളം കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നാണ് ദേവാലയ ഭാരവാഹികള്‍ അറിയിച്ചത്.
Post Your Comments