ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം നാളെ ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞു.
പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുല്‍ ഗാന്ധി. രാജി സന്നദ്ധത രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഏതായാലും പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറും ഒഡിഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികും. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. യുപിയില്‍ 80-ല്‍ 62 സീറ്റുകള്‍ നേടി ബിജെപി മികച്ച വിജയം നേടിയിരുന്നു. നരേന്ദ്രമോദിയെ പ്രചാരണത്തിന്റെ എതിര്‍വശത്ത് നിര്‍ത്തി, ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ഇനി എന്ത് വേണമെന്ന കാര്യം വിശദമായി പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടിക്കകത്ത് തന്നെ ആവശ്യമുയരുന്നുണ്ട്.
Post Your Comments