പശ്ചിമബംഗാളില്‍ ബിജെപി കാഴ്ചവച്ച പ്രകടനം എതിരാളികളെ മാത്രമല്ല സ്വന്തം പാർട്ടിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.ആകെയുള്ള 49 സീറ്റുകളില്‍ 19 സീറ്റും 40 ശതമാനം വോട്ടും നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പറയത്തക്ക സ്വാധീനമോ പരിചയ സമ്പന്നരായ പ്രാദേശിക നേതാക്കളോ ഇല്ലാതിരുന്നിട്ടും ബിജെപി നേടിയ വിജയം എതിരാളികളെ മാത്രമല്ല, അനുകൂലികളെയും അമ്പരപ്പിക്കുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും വ്യക്തിപരമായ വിജയം കൂടിയാണ് ബംഗാളിലെ നേട്ടം.
2014-ല്‍ രണ്ട് സീറ്റും 17 ശതമാനം വോട്ടുമാണ് ബിജെപിക്ക് നേടാനായത്. ഇതില്‍നിന്ന് വളരെയൊന്നും മുന്നേറാന്‍ കഴിയുമെന്ന് ആരും വിചാരിച്ചില്ല. ബിജെപി 23 സീറ്റുവരെ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ പലരും അവിശ്വസിക്കുകയായിരുന്നു. ബിജെപി നല്ല മത്സരം കാഴ്ചവയ്ക്കുമെങ്കിലും വിജയം ഉറപ്പായ ഒരൊറ്റ സീറ്റുപോലും ഇല്ലെന്നാണ് ചില തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രഖ്യാപിച്ചത്.തുടക്കം മുതല്‍ ബിജെപിയെ സ്വതന്ത്രമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുവദിച്ചില്ല. അധികാരം ഉപയോഗിച്ച് കഴിയാവുന്നത്ര പ്രചാരണ യോഗങ്ങള്‍ മുടക്കി.
അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഒന്നിനുപുറകെ ഒന്നായി അന്‍പതോളം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പോളിങ് ദിവസം അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടു. എന്നാല്‍ പിന്മാറാന്‍ ബിജെപി നേതൃത്വം ഒരുക്കമായിരുന്നില്ല.കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളുണ്ടായിരുന്നു. ഇതില്‍ ഒരു സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ്സിനായത്.
അതെ സമയം നിലനില്‍പ്പിനായുള്ള അവസാന ശ്രമവും ദയനീയമായി പരാജയപ്പെട്ട് ബംഗാളിലെ ഇടതുപക്ഷം നിൽക്കുകയാണ് . കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ ജയിച്ച സിപിഎമ്മിന് ഇക്കുറി ഒറ്റ സീറ്റുപോലുമില്ല. 22.96 ശതമാനം ഉണ്ടായിരുന്ന വോട്ട് 6.77 ശതമാനമായി കുറയുകയും ചെയ്തു.
ബിജെപി സ്ഥാനാര്‍ത്ഥികളെ രാഷ്ട്രീയമായി നേരിടാനാവാതെ സിനിമാ നടീനടന്മാരെ രംഗത്തിറക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ചെയ്തത്. മമതയുടെ ഈ തന്ത്രം വിജയിച്ചില്ല. എന്നാല്‍ ബിജെപി രംഗത്തിറക്കിയ പ്രമുഖരെല്ലാവരും ജയിച്ചു. ബാബുല്‍ സുപ്രിയോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, അര്‍ജുന്‍ സിങ്, ഖഗെന്‍ മുര്‍മു, ലോക്കെറ്റ് ചാറ്റര്‍ജി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു.രണ്ട് വര്‍ഷത്തിനകം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് തോല്‍ക്കുമെന്ന് ഉറപ്പായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും കൂടുതല്‍ സീറ്റു നേടാന്‍ മമത ശ്രമിച്ചത് തന്റെ സര്‍ക്കാരിനുള്ള ഭീഷണി ഒഴിവാക്കാനായിരുന്നു. ഇക്കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.ബംഗാള്‍ നിയമസഭയിലെ 40 എംഎല്‍എമാര്‍ താനുമായി ബന്ധം പുലര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ വെളിപ്പെടുത്തിയത് മമതയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയുണ്ടായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നതിനാല്‍ നിരവധി എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്. മമതയെ പിന്തുണയ്ക്കുന്ന 49 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
Post Your Comments