തിരുവനന്തപുരം: പൊലീസുകാരുടെ തപാല്‍ ബാലറ്റ് ക്രമക്കേടു സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടു ശേഖരിച്ചു കൊള്ളാമെന്നും പൊലീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ ഇതു ചെയ്യേണ്ടെന്നും ക്രൈംബ്രാഞ്ച്. തപാല്‍ ബാലറ്റ് ക്രമക്കേടുകള്‍ അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും നല്‍കിയത്.
അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം ഒരു മണിക്കൂറിനകം നല്‍കാന്‍ കഴിഞ്ഞ ദിവസം ജില്ലകളിലെ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിമാര്‍ സന്ദേശം അയച്ചിരുന്നു. അതോടെ പൊലീസുകാരും അപേക്ഷകള്‍ കൂട്ടത്തോടെ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരും കുടുക്കിലായിരുന്നു.
തുടര്‍ന്ന് ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷന്‍, ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതാക്കള്‍ രംഗത്തെത്തി. പല പൊലീസുകാര്‍ക്കും അവരുടെ അപേക്ഷകള്‍ ആരാണു സാക്ഷ്യപ്പെടുത്തിയതെന്നോ ബാലറ്റുകള്‍ ആരുടെ പേരില്‍ വന്നുവെന്നോ അറിയില്ലാത്തതായിരുന്നു കാരണം. അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞ പ്രകാരം പലരും അപേക്ഷയില്‍ ഒപ്പിട്ടു നല്‍കി. നേതാക്കളുടെ വാക്കുകേട്ട് മേലുദ്യോഗസ്ഥര്‍ അപേക്ഷകള്‍ കൂട്ടത്തോടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അതോടുകൂടി ഉത്തരവു മരവിപ്പിക്കണമെന്ന ആവശ്യമായി നേതാക്കളെത്തുകയായിരുന്നു. തുടര്‍ന്നു കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കാമെന്ന പുതിയ നിര്‍ദേശവുമെത്തി. ഇതോടെ തപാല്‍ ബാലറ്റ് തിരിമറി അന്വേഷണം നേരായ ദിശയില്‍ പോകില്ലെന്ന ആശങ്കയിലാണു പൊലീസുകാര്‍.
Post Your Comments