ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് ഇടതുപക്ഷത്തെ മറികടക്കുകയാണ് മുസ്ലിം ലീഗ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്. എന്നാല്‍ നൂറോളം സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷത്തിന് രാജ്യത്ത് ആകെ ലഭിച്ചത് രണ്ട് സീറ്റുകളാണ്. ഈ രണ്ട് സീറ്റിലും സി.പി.ഐ.എമ്മാണ് മുന്നേറുന്നത്.
കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിയ്ക്കും പുറമെ തമിഴ്നാട്ടില്‍ രാമനാഥ പുരത്താണ് മുസ്ലിം ലീഗ് നിലവില്‍ ലീഡ് ചെയ്യുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യകക്ഷിയായിട്ടാണ് രാമനാഥപുരത്ത് ലീഗ് മത്സരിച്ചത്. ബി.ജെ.പിയുടെ നൈനാര്‍ നഗതരനെതിരെ മുസ്ലിം ലീഗിന്റെ നവാസ് ഖനി 39,471 വോട്ടിന്റെ ലീഡുമായാണ് നിലവില്‍ മുന്നേറുന്നത്.
കേരളത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിന് മുകളില്‍ വോട്ടിനും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ടിനും ലീഡ് നേടിയിരിക്കുന്നു. മലപ്പുറത്തും പൊന്നാനിയും ഏകദേശം വിജയമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
കേരളത്തിലാകട്ടെ എം.എം ആരിഫ് നിലവില്‍ പതിനായിരത്തിലധികം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ജയസാധ്യത നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനാണ് ആരിഫിന്റെ എതിരാളി.
Post Your Comments