തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലും യുദ്ധങ്ങളിലും എല്ലായെപ്പോഴും ശരി ജയിച്ചു കൊള്ളണമില്ലെന്നു ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സി പി എം കനത്ത പരാജയം ഏറ്റു വാങ്ങിയ സാഹചര്യത്തിലാണ് സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ്
ചരിത്രത്തിലുണ്ടായിട്ടുള്ള പല തോൽവികളെയും ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ എഫ്ബി പോസ്റ്റ്. പരാജയം കൂടുതൽ ഊർജം പകരുമെന്നും തൃപ്പുണിത്തറ എം എൽ എ പറയുന്നു.
സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
തിരഞ്ഞെടുപ്പിലും , യുദ്ധത്തിലും
എല്ലായ്പോഴും
ശരി
വിജയിച്ചു കൊള്ളണമെന്നില്ല …
എം.സ്വരാജ്.
ഹോവാർഡ് ഫാസ്റ്റിന്റെ ‘സ്പാർട്ടക്കസിൽ ‘ കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് അടിമയായ ഡേവിഡ് സ്പാർട്ടക്കസിനോട് ചോദിക്കുന്നു…
“സ്പാർട്ടക്കസ്,
നമ്മളായിരുന്നല്ലോ ശരി , എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ് ? ” .
ഉറപ്പായും ജയിക്കേണ്ട ശരി
തോറ്റു പോകുന്നത് കാണുമ്പോൾ ചങ്കുപൊട്ടുന്നവരുടെ
ചോരയുടെ നിറവും കണ്ണുനീരിന്റെ നനവുമുള്ള ഈ ചോദ്യം ചരിത്രത്തിൽ പലവട്ടം മുഴങ്ങിയിട്ടുണ്ട്.
ചരിത്രത്തിലെ പല യുദ്ധമുഖങ്ങളിലും
ശരി ചോരയിൽ മുങ്ങി മരിച്ചിട്ടുണ്ട്..
പല തിരഞ്ഞെടുപ്പുകളിലും ശരി ക്രൂരമായി തോറ്റു പോയിട്ടുമുണ്ട്.
എന്നിട്ടും നാം ശരിയുടെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നത് നൂറുതോൽവികൾക്കു ശേഷമെങ്കിലും ശരി വിജയിക്കണമെന്ന് വാശിയുള്ളതുകൊണ്ടാണ്….
ഏതു വൻപരാജയമേറ്റു വാങ്ങേണ്ടി വന്നാലും ആത്യന്തികമായി ശരി ജയിക്കുമെന്ന് അത്രമേൽ ഉറപ്പുള്ളതുകൊണ്ടാണ് ….
വെള്ളിയാഴ്ച കുരിശിലേറ്റപ്പെടുന്ന സത്യങ്ങളൊക്കെയും ഞായറാഴ്ച ഉയർത്തെഴുന്നേൽക്കുമെന്ന് അറിയുന്നതു കൊണ്ടാണ്…
ഡേവിഡ് കുരിശിലേറ്റപ്പെട്ടു.
സ്പാർട്ടക്കസ് കൊല്ലപ്പെട്ടു.
അടിമകൾ പരാജയപ്പെട്ടു.
പക്ഷേ
തിന്മയുടെ നൈമിഷികമായ വിജയഭേരികൾക്ക് മുന്നിൽ ലോകം
സ്തംഭിച്ചു നിന്നില്ല .
ഇന്ന് അടിമത്തമില്ല .
ചങ്ങലകൾ തകർത്തെറിഞ്ഞ് അവർ സ്വതന്ത്രരായിരിക്കുന്നു.
സ്പാർട്ടക്കസ് മരണശേഷം വിജയിയാവുന്നു.
അന്തിമമായി ശരി ജയിച്ചേ മതിയാവൂ.
സത്യം ജയിച്ചേ തീരൂ.
ഹിറ്റ്ലറും മുസോളിനിയും തിരഞ്ഞെടുപ്പിൽ ജയിച്ചവരാണ്. പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ട്.
സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ട്.
ഒരു തിരഞ്ഞെടുപ്പിലെ തോൽവി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ .
വിജയമുണ്ടാകുമ്പോൾ മതിമറന്ന് കടമകൾ മറക്കുന്നവരുമല്ല.
വിജയമെന്ന പോലെ പരാജയവും ഊർജ്ജം പകരുന്ന അനുഭവം തന്നെയാണ്.
പാഠങ്ങളുൾക്കൊളളും.
പിശകുണ്ടെങ്കിൽ തിരുത്തും.
കൂടുതൽ കരുത്തോടെ ജനങ്ങൾക്കു വേണ്ടി , നാടിനു വേണ്ടി പ്രവർത്തിക്കും. മുന്നേറും , വിജയിക്കും..
തീർച്ച.
Post Your Comments