ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനിടെ 11 ആണവ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 2009നും 2013നുമിടയിലാണ് ഈ മരണങ്ങളെന്ന് ആണവോര്‍ജ്ജ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വകുപ്പിന്റെ ലബോറട്ടറികളിലും റിസര്‍ച്ച് സെന്ററുകളിലും പ്രവര്‍ത്തിച്ചിരുന്ന എട്ട് ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുകയോ കടലില്‍ മുങ്ങി മരിക്കുകയോ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയോ ആയിരുന്നുവത്രേ.
ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് മറ്റു മൂന്നു പേര്‍. ഇവരില്‍ രണ്ടു പേര്‍ ആത്മഹത്യ ചെയ്യുകയും ഒരാള്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെടുകയുമായിരുന്നു. ട്രോംബേയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (ബാര്‍ക്) പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന രണ്ടു സി ഗ്രൂപ്പ് ശാസ്ത്രജ്ഞന്‍മാരുടെ മൃതദേഹങ്ങള്‍ താമസസ്ഥലത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 2010ലായിരുന്നു ഇത്. രാജസ്ഥാനില്‍ നിയോഗിക്കപ്പെട്ട ഇതേ ഗ്രേഡിലുള്ള മറ്റൊരു ശാസ്ത്രജ്ഞനെ 2012ല്‍ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബാര്‍ക്കിലെ ഒരു ശാസ്ത്രജ്ഞന്‍ ദീര്‍ഘനാളായി തുടര്‍ന്ന രോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. 2010ല്‍ ബാര്‍ക്കിലെ കെമിസ്ട്രി ലാബിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഗവേഷകര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയിലെ വീട്ടില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഒരു എഫ്-ഗ്രേഡ് ശാസ്ത്രജ്ഞനെ കണ്ടെത്തിയിരുന്നെങ്കിലും കൊലയാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments