KeralaLatest News

കല്ലട ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; തലയൂരാന്‍ ശ്രമിച്ച് പ്രതികള്‍, കുരുക്ക് മുറുക്കി ഉദ്യോഗസ്ഥര്‍

കൊച്ചി : കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ ഏഴു പ്രതികള്‍ക്കു സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ തിരുവനന്തപുരം സ്വദേശി ജയേഷ്, എം. ജെ. ജിതിന്‍ (തൃശൂര്‍), രാജേഷ് (കൊല്ലം), അന്‍വറുദ്ദീന്‍ (പുതുച്ചേരി), ഗിരിലാല്‍ അപ്പുക്കുട്ടന്‍ (കൊല്ലം), ആര്‍. വിഷ്ണുരാജ് (ആലപ്പുഴ), ഡി. കുമാര്‍ (തിരുച്ചിറപ്പള്ളി) എന്നിവര്‍ക്കു നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

അതിനിടെ ബസിലെ യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളില്‍ 6 പേരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. കേസിലെ പ്രതികളായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ജയേഷ്, കൊല്ലം സ്വദേശി രാജേഷ്, പോണ്ടിച്ചേരി മാവട്ടം സ്വദേശി എ.അന്‍വറുദ്ദീന്‍, കൊല്ലം സ്വദേശി ഗിരിലാല്‍ അപ്പുക്കുട്ടന്‍, ആലപ്പുഴ സ്വദേശി ആര്‍. വിഷ്ണുരാജ്, തിരിച്ചിറപ്പിള്ളി സ്വദേശി ഡി.കുമാര്‍ എന്നിവരെയാണു മര്‍ദനമേറ്റവര്‍ തിരിച്ചറിഞ്ഞത്.

കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രതി തൃശൂര്‍ സ്വദേശി എം.ജെ.ജിതിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നില്ല. അറസ്റ്റിലായി രണ്ട് ആഴ്ച കഴിഞ്ഞ പ്രതികള്‍ക്കു സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാകാത്ത കാര്യം പ്രോസിക്യൂഷനും പൊലീസും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ 6 പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതു കോടതി ഇന്നലെ വരെ തടഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടും മുന്‍പ് എം.ജെ.ജിതിന്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്നു കോടതിയും പ്രോസിക്യൂഷനും നടത്തിയ സമയോചിതമായ ഇടപെടലാണ് 6 പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കാന്‍ വഴിയൊരുക്കിയത്.

ബസ് സര്‍വീസുകള്‍ക്കെതിരെ ആരും പരാതിപ്പെടാതിരിക്കാന്‍ യാത്രക്കാരില്‍ ഭീതി പരത്താനാണു ശ്രമിച്ചതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ ആഘാതവും പരിഗണിക്കാതെ ജാമ്യം അനുവദിച്ചെന്നും സര്‍ക്കാര്‍ ആരോപിച്ചു. തിരിച്ചറിയല്‍ പരേഡ് വച്ചിരുന്നതു പരിഗണിച്ചില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലാപ്‌ടോപ്പും മറ്റും പ്രതികളില്‍ നിന്നു പിടിച്ചെടുക്കാനുണ്ടെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button