News

ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരയില്‍ വീഴാന്‍ ഇതെന്താ വെള്ളരിക്കാപട്ടണമോ? വോട്ടിംഗ് മെഷീനിലെ ക്രമക്കേടില്‍ സംശയമല്ല തെളിവാണ് വേണ്ടത്?

രതി നാരായണന്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നടന്ന വോട്ടെടുപ്പിനെ സംശയത്തോടെ കാണുന്നത് ഒന്നോ രണ്ടോ പാര്‍ട്ടികളല്ല. പ്രതിപക്ഷത്തുള്ള 22 പാര്‍ട്ടികള്‍ക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് വേണം കരുതാന്‍. സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്നതും ഫലപ്രദവുമായ വോട്ടിംഗ് രീതിയില്‍ അട്ടിമറി നടക്കുമെന്ന് സംശയിക്കുമ്പോള്‍ ജനാധിപത്യം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിലും സ്വകാര്യവും വിശ്വസനീയവുമായ മാര്‍ഗത്തില്‍ പൗരന്‍മാര്‍ക്ക് അവരുടെ സമ്മതിദാനാവകാശം ഉറപ്പാക്കാനുന്ന ഒരു വ്യവസ്ഥയും ലോകത്തൊരിടത്തും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല എന്നുകൂടി ഓര്‍ക്കുക.

1982 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിച്ചത് നമ്മുടെ കൊച്ചുകേരളത്തിലായിരുന്നു. പറവൂരിലൈ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുത്ത പോളിംഗ് സ്‌റ്റേഷനുകളിലായിരുന്നു പരീക്ഷണം. പിന്നീട് 89 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎം കമ്മീഷന്‍ ചെയ്യുകയും 90 കളോടെ ഇത് ഉപയോഗത്തിലാകുകയും ചെയ്തു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഇവിഎം വഴിയാക്കി. ഇലക്ട്രാണി ക് വോട്ടിംഗ് മെഷീന്‍ വന്നതോടെയാണ് പരമ്പരാഗത വോട്ടിംഗ് സമ്പ്രദായമായ ബാലറ്റ് പേപ്പറുകള്‍ അരങ്ങൊഴിഞ്ഞത്.

എന്താണ് ഈ വിവിപാറ്റ് രസീത്?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ചാലും വോട്ടര്‍ക്ക് താന്‍ ചെയ്ത വോട്ടില്‍ സംശയമമുണ്ടെങ്കിലും അത് ദുരീകരിക്കാന്‍ സഹായിക്കുന്നതാണ് വിവി പാറ്റ് രസീത്. വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍ക്ക് താന്‍ ചെയത് വോട്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രസീത് വിവിപാറ്റ് വോട്ടിംഗ് യന്ത്രം വഴി ലഭിക്കും. ങ്ങനെ കിട്ടുന്ന രസീത് പക്ഷേ കയ്യിലെടുത്ത് കൊണ്ടുവരാന്‍ പറ്റില്ല. മെഷീനില്‍ ഏഴ് സെക്കന്‍ഡോളം ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടതിന് ശേഷം ഡ്രോപ് ബോക്‌സിലേക്ക് ഇത് വീഴും. വോട്ടിംഗ് മെഷീന് തകറാര്‍ ഉണ്ടായല്‍ വിവപാറ്റ് വഴി വോട്ട് തിട്ടപ്പെടുത്താനാകും. പക്ഷേ ചെറിയ സാങ്കേതിക തകരാറുകളും മാനുഷികമായ തെറ്റുകളും മാറ്റിനിര്‍ത്തിയാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ സുരക്ഷിതമാണെന്നും അത് ഹാക്ക് ചെയ്യപ്പെടില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പിച്ച് പറയുന്നത്. ഇത് എങ്ങനെ ഹാക്ക് ചെയ്യപ്പെടുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ഷേപമുന്നയിക്കുന്നവരെ വെല്ലുവിളിക്കുന്നുണ്ട്. പക്ഷേ അടിസ്ഥാനമില്ലാത്ത ചില ആരോപണങ്ങളുടെ പേരില്‍ ബഹളമുണ്ടാക്കുന്നതല്ലാതെ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരു പാര്‍ട്ടിയും മുന്നോട്ട് വന്നിട്ടില്ല.

സുപ്രീംകോടതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ബോധ്യപ്പെടാത്ത സംശയം

നേരത്തെ പലകുറി വോട്ടിംഗ് യന്ത്രത്തെ കുറിച്ചും വിവി പാറ്റ് എണ്ണുന്നതുമായി ബന്ധപ്പട്ടും ഏറെ പരാതികള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് സുപ്രീം കോടതിയും ഇതെല്ലാം തള്ളുകയായിരുന്നു. വിവി പാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവി പാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവി പാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇതും തള്ളി.

ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് യന്ത്രങ്ങളിലും ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും വ്യാപക ക്രമക്കേടുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണി പിന്നീട് മെഷിനുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തി. ഈ ആവശ്യവും കമ്മീഷന്‍ തള്ളിയ കമ്മീഷന്‍ ആദ്യം ഇവിഎം മെഷിനുകള്‍ എണ്ണുമെന്ന് വ്യക്തമാക്കി. ആദ്യം ഇവിഎം എണ്ണിയില്ലെങ്കില്‍ ഫലം വരാന്‍ വൈകുമെന്നും അതുകൊണ്ട് പിന്നീട് രസീതുകള്‍ എണ്ണാമെന്നുമാണ് കമ്മീഷന്റെ നിലപാട്. അതല്ലെങ്കില്‍ ഫലം വരാന്‍ ഏറെ വൈകുമെന്നുമാണ് കമ്മീഷന്‍ പറയുന്നത്. ഇതോടെ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷമുന്നയിക്കുന്ന അവസാന പ്രതീക്ഷയും മങ്ങി. എന്‍ഡിഎയില്‍ സഖ്യമില്ലാത്ത എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വിവിപാറ്റ് വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നതാണ് കൗതുകകരം.

വിവിപാറ്റ് ആവശ്യം ശക്തമായത് എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായതോടെയാണ് വോട്ടിംഗ് മെഷീനും വിവി പാറ്റും പ്രതിപക്ഷം ശക്തമായി ഏേെറ്റടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏത് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാലും താമരയില്‍ വീഴുന്ന നുറുകണക്കിന് സംഭവങ്ങള്‍ രാജ്യത്ത് ഏതാണ്ടല്ലാം സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ അത്തരം സംഭവങ്ങളൊന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവമായി കാണുന്നില്ലെന്നാണോ പ്രതിപക്ഷം പറഞ്ഞു വയ്ക്കുന്നത്. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. ഇത്തരത്തിലൊരു പരാതി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് കേരളത്തില്‍ തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ നിന്നും ഉയര്‍ന്നതായി ഓര്‍ക്കുക. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിട്ടും അതുയര്‍ത്തി യുദ്ധത്തിന് ഇറങ്ങുന്നവരോട് എന്ത് പറയാന്‍.

സംശയം ന്യായം, പക്ഷേ തെളിയിക്കണം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും പ്രതിപക്ഷം വ്യാപകമായി പരാതി പറയുന്നുണ്ട്. മെഷിനുകള്‍ കടത്തുന്നുവെന്നും പകരം കൊണ്ടുവെയ്ക്കുന്നു എന്നൊക്കെയാണ് പരാതികള്‍. പരാതികള്‍ എന്നല്ല ആരോപണങ്ങളെന്നാണ് ഇതിനെ പറയേണ്ടത്. ജനങ്ങളുടെയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് മെഷിനുകള്‍ മാറ്റി പുതിയവ വയ്ക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യ എന്ന ജനാധിപത്യരാജ്യം മരിച്ചു എന്നര്‍ത്ഥം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടതിയും കൂട്ടുനില്‍ക്കുന്നോ എന്ന പരാമര്‍ശവുമായി അസിഹിഷ്ണുത മൂത്ത നേതാക്കള്‍ പരമോന്നത കോടതിയെ വരെ വിമര്‍ശിക്കുകയാണിപ്പോള്‍.പക്ഷേ മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്തായാലും നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുതലാണ് വിവി പാറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും ഇത്രത്തോളം ആശങ്ക ഉയരുന്നതെന്നാണ് ഏറെ രസകരം. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടെങ്കില്‍ അത് സംശയമായി നിലനിര്‍ത്താതെ തെളിയിക്കുക എന്ന വലിയ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. പൗരന്‍ എന്ന നിലയിലുള്ള ധര്‍മവും രാജ്യസ്‌നേഹവുമാണ് അത് വഴി അവര്‍ തെളിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button