അഹമ്മദാബാദ് : റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കെതിരെ അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്‍കിയ കേസാണ് പിന്‍വലിക്കുന്നത്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.
കേസില്‍നിന്നു പിന്മാറാനുള്ള തീരുമാനം റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചതായും ഇക്കാര്യം എതിര്‍കക്ഷികള്‍ക്കു കൈമാറിയെന്നും റിലയന്‍സ് അഭിഭാഷകന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറള്‍ഡിന്റെ അഭിഭാഷകനും ഇതു സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞു കോടതി തുറക്കുന്നതോടെ കേസ് പിന്‍വലിച്ചുള്ള നടപടികളുണ്ടാകും.
റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു റിലയന്‍സ് കമ്പനികള്‍ അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 25നാണു കേസുകള്‍ ഫയല്‍ ചെയ്തത്. നാഷനല്‍ ഹെറള്‍ഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, പത്രാധിപര്‍ സഫര്‍ ആഗ, ലേഖകന്‍ വിശ്വദീപക് എന്നിവര്‍ക്കെതിരെയായിരുന്നു ഒരു കേസ്.
Post Your Comments