ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയറിനെതിരായ മാനനഷ്ടക്കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഹർജികള്‍ പിന്‍വലിക്കുന്നതിനായുള്ള നടപടികള്‍ അഹമ്മദാബാദ് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പഞ്ചാബ് ന്യൂസ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.
ദ വയറിനും അതിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, പമേല ഫിലിപ്പോസ്, നൂര്‍ മുഹമ്മദ് എം.കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്യ, മോണോബിനാ ഗുപ്ത, എന്നിവര്‍ക്കെതിരേയുള്ള മാനനഷ്ടക്കേസുകളാണ് അദാനി പിന്‍വലിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കെതിരെ അദാനി ഗ്രൂപ്പ് ഫയല്‍ ചെയ്ത സിവില്‍, ക്രിമിനല്‍ കേസുകളെല്ലാം പിന്‍വലിക്കാനൊരുങ്ങുകയാണ് അദാനി എന്ന് സിദ്ധാര്‍ത്ഥ് വരദരാജനുമായി നടത്തിയ സംഭാഷണത്തിന് ശേഷം ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ റഫാല്‍ വിവാദത്തില്‍ ആരോപണമുന്നയിച്ച ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകളിൽ നിന്നടക്കം അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും പിന്മാറുകയാണെന്നുള്ള വാർത്തകള്‍ പുറത്തുവന്നിരുന്നു.
അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീര്‍ത്തിക്കേസുകളാണ് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, സുനില്‍ ജാഖര്‍, അശോക് ചവാന്‍, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹില്‍ തുടങ്ങിയവര്‍ക്കെതിരേയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരേയും റഫാല്‍ വിവാദത്തില്‍ റിലയന്‍സ് ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മോദിഭരണകാലത്തെ ബി.ജെ.പിയുടെ വിശ്വസ്തരുടെ നീക്കങ്ങൾ ശ്രദ്ധേയമാണ്.
Post Your Comments