Latest NewsKerala

‘ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ല’- മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നവരോട് ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്

മക്കളെ എങ്ങനെയും ഡോക്ടറാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ കാമാരവും യൗവനവും തപസ്സാക്കി മാറ്റി പഠിച്ചിറങ്ങിയാലും ശമ്പളം പരിഗണിക്കുമ്പോള്‍ കീഴ്‌പ്പോട്ടിറങ്ങുന്ന അവസ്ഥയായിരിക്കും ഭാവി ഡോക്ടര്‍മാരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നെല്‍സണ്‍ ഡോക്ടറുടെ ജോലിയെ കുറിച്ച് വിശദീകരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല
—————————————————————

പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട്‌ വയസ്‌ , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച്‌ അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്‌.

എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാൽ നൽകാനുദ്ദേശിക്കുന്ന , അല്ലെങ്കിൽ ചിലപ്പൊ പറയാൻ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്‌

” എം.ബി.ബി.എസ്‌ ഒഴികെ മറ്റ്‌ എന്തെങ്കിലും വഴി നോക്കൂ ” എന്ന്

ചുമ്മാ ഒരു പഞ്ചിനു പറയുന്നതോ ആലോചിക്കാതെ പറയുന്നതോ അല്ല. രണ്ട്‌ വർഷം മുൻപ്‌ ഇതേ കാര്യമെഴുതുമ്പൊ ഒരുപക്ഷേ മുൻപോട്ട്‌ പോവുമ്പൊ അഭിപ്രായം മാറുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അത്‌ മാറിയില്ലെന്ന് മാത്രമല്ല ഈ അഭിപ്രായമുള്ളവരുടെ എണ്ണം കൂടി വരുന്നുമുണ്ട്‌. ഇക്കഴിഞ്ഞാഴ്ച ഞാൻ എന്റെ മോളെ / മോനെ ഡോക്ടറാക്കില്ലെന്ന് പറഞ്ഞ്‌ കേട്ടത്‌ ആറു ഡോക്ടർമ്മാരിൽ നിന്നാണ്.

കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടിരുന്നു.കുറഞ്ഞ ശമ്പളം ക്വോട്ട്‌ ചെയ്യുന്ന ആൾക്ക്‌ ജോലി കൊടുക്കുമെന്ന് ടെണ്ടർ വിളിച്ചിരിക്കുന്നത്‌. ദൈവങ്ങളെന്ന് വാഴ്ത്തി ഉയർത്തിവച്ചിരിക്കുന്ന ഡോക്ടർ പ്രൊഫഷന്റെ അവസ്ഥയാണത്‌. അതൊരു തുടക്കമേ ആവുന്നുള്ളൂ എന്ന് ഞാൻ പറയും. അങ്ങനെ ജോലി നേടാനും തയ്യാറാവുന്ന ഡോക്ടർമ്മാരുള്ള അവസ്ഥയിലേക്കാണു നമ്മുടെ നാട്‌ പോവുന്നത്‌.

തുറന്ന് പറയാം. അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള ഫലം ഈ പ്രൊഫഷനിൽ നിന്ന് ഇനിയുള്ള തലമുറകൾക്ക്‌ കിട്ടുമെന്ന് പ്രതീക്ഷിക്കാൻ വയ്യ.

ഒരൽപം നീണ്ട കഥയാണിത്‌. മുന്നറിയിപ്പാണെന്ന് തന്നെ കരുതുക.

ഒരു ഡോക്ടറാവുന്നത്‌ അഞ്ചര വർഷത്തെ പഠനം കൊണ്ടാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്‌. അതിനൊക്കെ എത്രയോ മുൻപ്‌ ഡോക്ടറാവാനുള്ള പ്രയത്നം ആരംഭിക്കും !! ആദ്യം എന്റ്രൻസ്‌ കടമ്പ കടക്കണം. അതിനു വേണ്ടി ഏറ്റവും കുറഞ്ഞത്‌ പ്ലസ്‌ വൺ പ്ലസ്‌ ടു കാലം തൊട്ടെങ്കിലും ശ്രമിക്കണം. ഇതു കഴിഞ്ഞാൽ എല്ലാം സെറ്റാണെന്നുള്ള നുണ വിശ്വസിച്ച്‌ ആ രണ്ട്‌ വർഷം ശനിയും ഞായറും അവധികളും ആഘോഷങ്ങളുമില്ലാതെ പഠിക്കണം. അതുകൊണ്ട്‌ കിട്ടിയില്ലെങ്കിൽ വീണ്ടും ഒരു കൊല്ലം.

അങ്ങനെ കടന്നുകൂടി മെഡിക്കൽ കോളജിൽ ചെന്നാലും ഇതേ വാചകമാണ് പലതവണ കേൾക്കുക. ഓരോ വർഷം കഴിഞ്ഞാലും അടുത്തതിൽ ശരിയാക്കാമല്ലോ. പഠിക്കാതിരിക്കാൻ പറ്റില്ല. ഇതു കഴിഞ്ഞ്‌ രോഗികളെ നേരിൽ കണ്ട്‌ സംസാരിച്ച്‌ ചികിൽസിക്കേണ്ടതാണ്.അവിടെയും നഷ്ടപ്പെടും കുറെ ആഘോഷങ്ങളും ബന്ധുക്കളുടെ വിവാഹങ്ങളുമെല്ലാം.

അത്‌ കഴിയുമ്പൊഴാണു കോഴ്സിന്റെ ദൈർഘ്യത്തിന്റെ പ്രശ്നം മനസിലായിത്തുടങ്ങുക. നാലാം വർഷവും അഞ്ചാം വർഷവുമൊക്കെ ആവുമ്പൊഴേക്ക്‌ സമപ്രായക്കാരും സമാന രീതികളിൽ പഠിച്ചുകൊണ്ടിരുന്നവരുമൊക്കെ ചിലപ്പൊ ജോലി നേടിയ വാർത്തകൾ കേട്ടുതുടങ്ങും. അപ്പൊ അതൊരു പ്രശ്നമാകില്ല. കാരണം നമ്മൾ ഇതൂടി കഴിഞ്ഞാൽ ഡോക്ടറാണല്ലോ.

പിന്നെ ഹൗസ്‌ സർജൻസി. പരീക്ഷ പാസായി ‘ ഡോക്ടർ ‘ ആയതിന്റെ ആവേശമൊക്കെ പതുക്കെ കെടാൻ തുടങ്ങും ഓരോ അനുഭവങ്ങളാവുമ്പൊ. അതും പ്രശ്നമാക്കില്ല,കാരണം ഒറ്റ വർഷം കൂടി കഴിഞ്ഞാൽ ഡോക്ടറാണല്ലോ

ഹൗസ്‌ സർജൻസി കഴിയുമ്പൊഴാണു കയ്യിൽ കിട്ടിയത്‌ ” വെറും എം.ബി.ബി.എസ്‌ ” ആണെന്ന് മനസിലാകുന്നത്‌. സ്പെഷ്യലിസ്റ്റ്‌ അല്ലാത്തോരെ സ്വന്തം വീട്ടുകാർക്ക്‌ പോലും വിലയുണ്ടാവില്ല ( സ്വന്തം വീട്ടുകാർക്ക്‌ അല്ലേലും വിലയുണ്ടാവില്ല. . .അത്‌ പോട്ടെ). അപ്പൊപ്പിന്നെ അതിനായുള്ള പരാക്രമം ആരംഭിക്കുകയായി

പി.ജി സീറ്റുകൾ അങ്ങനെ തോന്നിയപോലെ ആർക്കും കിട്ടില്ല. ഞാൻ ആദ്യമായി പി.ജി. എന്റ്രൻസ്‌ എഴുതിയ കൊല്ലം ഒരു ലക്ഷം ഡോക്ടർമ്മാരോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്‌. അതിൽ 22,000 – 23,000 പേരാണു ലിസ്റ്റിലുണ്ടാവുക. ബാക്കിയുള്ളവർക്ക്‌ അടുത്ത വർഷം വീണ്ടും ശ്രമിക്കാം. അടുത്തവർഷമെന്ന് പറയുമ്പൊ ആ വർഷം പാസായെത്തുന്ന ഡോക്ടർമ്മാരും ഉണ്ടാവും. . .മറ്റൊരു ഇരുപതിനായിരം ഡോക്ടർമ്മാരോളം കൂടുതൽ.

കാർഡിയോ തൊറാസിക്‌ സർജനോ അല്ലെങ്കിൽ ഒരു പീഡിയാട്രീഷനോ ആവണമെന്ന് ആഗ്രഹിച്ച്‌ എന്റ്രൻസ്‌ പഠിക്കാൻ തുടങ്ങിയ പത്താം ക്ലാസുകാരൻ ആറോ ഏഴോ വർഷം കഴിഞ്ഞ്‌ ആ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിയുന്ന നിമിഷമൊന്ന് ഓർത്തുനോക്കിക്കേ. . .

ഇനി പി.ജി ആയവരുടെ കാര്യം. എട്ടുമണിക്കൂർ ജോലി , എട്ട്‌ മണിക്കൂർ വിശ്രമം എന്നത്‌ അവകാശമായിക്കിട്ടിയതിന്റെ ഓർമ്മയാണു മെയ്‌ ദിനമെന്ന് ഒരു പി.ജിയോട്‌ പറഞ്ഞ്‌ നോക്കിക്കേ. . .പുച്ഛിച്ച്‌ ഒരു ചിരി കിട്ടാനാണു കൂടുതൽ സാദ്ധ്യത. ഇരുപത്തിനാലു തൊട്ട്‌ അറുപതും എഴുപതും വരെ നീളുന്ന കഥ സ്പെഷ്യൽറ്റിക്കനുസരിച്ച്‌ അവർ പറഞ്ഞുതരും. അങ്ങനെ ജോലിചെയ്താൽ അപകടമുണ്ടാവില്ലേ എന്ന ചോദ്യമൊക്കെ സൗകര്യപൂർവ്വം മറക്കാം അല്ലേ?

അത്രയും കഴിഞ്ഞ്‌ എത്തുമ്പൊഴേക്ക്‌ സ്വന്തം യൗവനം എവിടെപ്പോയെന്ന് ആലോചിച്ച്‌ അന്തം വിടുന്ന ഒരു കൗമാരക്കാരനെ ചിലപ്പൊ കാണാൻ കഴിഞ്ഞേക്കും. അതു കഴിഞ്ഞെത്തുമ്പൊ ടെണ്ടറും അതും ഇതുമൊക്കെ കാണുമ്പൊഴാണു പഠിച്ചത്‌ ഇതിനായിരുന്നോ എന്നാലോചിക്കുന്നത്‌.

വികസിത രാജ്യങ്ങളെക്കാൾ പല മടങ്ങ്‌ മെച്ചപ്പെട്ടതാണ് ഇപ്പോൾത്തന്നെ നമ്മുടെ ഡോക്ടർ – രോഗി അനുപാതം. കണക്ക്‌ ശരിയാണെങ്കിൽ അഞ്ഞൂറു പേർക്ക്‌ ഒരു ഡോക്ടറെന്ന നിലയിലേക്ക്‌ അതെത്താൻ വലിയ പ്രയാസമുണ്ടാവില്ല.

ആവശ്യത്തെക്കാൾ കൂടുതൽ ഉത്പാദനമുണ്ടാവുമ്പൊ വിലയിടിയും. മുപ്പതുകളിൽ ജീവിച്ചുതുടങ്ങുന്ന, വായ്പയും കുടുംബവുമുള്ള ഒരു മിഡിൽ – ലോവർ മിഡിൽ ക്ലാസുകാരനു ജീവിതം നടക്കില്ല.

സേവനമെന്ന് ദയവുചെയ്ത്‌ പറയരുത്‌. ഡോക്ടറായതുകൊണ്ട്‌ ടാക്സ്‌ തൊട്ട്‌ വാടകയും ഭക്ഷണവും വരെയുള്ള ഏതെങ്കിലും കാര്യങ്ങൾക്ക്‌ ഇളവുകൾ കിട്ടിയതായി ഓർമ്മിക്കുന്നില്ല. അൽപം കൂടുതലായാലേയുള്ളൂ.പ്രാക്ടീസ്‌ ചെയ്യുന്നതും ശമ്പളം വാങ്ങുന്നതും ഒരു തെറ്റായാണു സമൂഹവും കാണുന്നത്‌. മുന്നൂറു രൂപ വാങ്ങുന്ന ന്യൂറോളജിസ്റ്റിനു സമൂഹമാദ്ധ്യമത്തിൽ നേരിടേണ്ടിവന്ന ആക്രമണവും ഓർമ്മയിലുണ്ട്‌.

ഇതുവരെ ജോലിയെക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞില്ലെന്ന് ഓർക്കണം.

ഏറ്റവും നല്ല , ഏറ്റവും സേവനമനസ്ഥിതിയുള്ള ഡോക്ടറെപ്പോലും മെഡിക്കൽ മാഫിയയെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിക്കാൻ മടിയില്ലാത്തവർ നമ്മുടെയിടയിലുണ്ട്‌. ഒരു പിഴവുണ്ടായാൽ അതുവരെ കാത്തുസൂക്ഷിച്ച സൽപ്പേരും പ്രാക്ടീസും ജീവിതവും നഷ്ടപ്പെടുമെന്നുള്ള ഡെമോക്ലീസിന്റെ വാളിനു കീഴെ ഉറങ്ങാൻ പറ്റില്ല. അങ്ങനെയുണ്ടായാൽ അന്നുവരെ നിങ്ങൾ ചെയ്ത നന്മയോ സഹായങ്ങളോ ഒന്നും കണക്കിലെടുക്കപ്പെടുകയുമില്ല.

ഡിഫൻസീവ്‌ പ്രാക്ടീസിനു നിർബന്ധിക്കുന്ന സാഹചര്യങ്ങളും സ്വന്തം സുരക്ഷ നോക്കേണ്ടിവരുന്ന അവസരങ്ങളും കൂടെക്കൂടെയുണ്ടാവുന്നത്‌ കൂടാതെ സ്വന്തം പിഴവല്ലെങ്കിലും ആക്രമിക്കപ്പെടുന്നതും കണ്ടു ഈയിടെ.ഇന്ത്യയിൽ 75% ഡോക്ടർമ്മാർ ഏതെങ്കിലും രീതിയിൽ ഏതെങ്കിലും അവസരങ്ങളിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടിരുന്നു മുൻപ്‌. അതായത്‌ നാലിൽ മൂന്ന് പേർ. . .

രാത്രിയിൽ നോർമ്മൽ ഡെലിവറിയെടുക്കാൻ പോവുന്ന ഗൈനക്കോളജിസ്റ്റ്‌ ഭാര്യ സുരക്ഷിതയായി തിരിച്ചെത്താൻ കാത്തിരിക്കുന്ന ഭർത്താവ്‌ ഒരു തമാശയല്ല.

എല്ലാ ഡോക്ടർമ്മാരും നല്ലവരാണെന്ന് പറയാനുള്ള കുറിപ്പൊന്നുമല്ല ഇത്‌. സമൂഹത്തിൽ എത്ര തരം ആളുകളുണ്ടോ, അതിന്റെയൊരു പരിച്ഛേദം ഇവിടെയുമുണ്ട്‌. ഒരൊറ്റക്കാര്യമേയുള്ളൂ. . .മോശക്കാരെന്ന് കരുതി നിങ്ങൾ ആക്രമിക്കുന്നവരാവണമെന്നില്ല യഥാർത്ഥത്തിൽ പ്രശ്നക്കാർ

ഇതൊക്കെ ഇപ്പൊ സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. മുന്നോട്ട്‌ ഇതുപോലെ പോയി അവന്റെ സമയമാവുമ്പൊഴേക്ക്‌ നന്നാകുന്ന ലക്ഷണമൊന്നും ഇപ്പൊ കാണുന്നില്ല.

അപ്പൊ സ്വഭാവികമായ ഒരു തിരഞ്ഞെടുപ്പ്‌ മാത്രമാണു യൗവനവും കൗമാരത്തിന്റെ അവസാനവും എന്തു സംഭവിച്ചെന്ന് മനസിലാക്കി, ശ്വാസം വിട്ട്‌, ഉറങ്ങേണ്ടപ്പൊ ഉറങ്ങി, സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ട്‌ അറിഞ്ഞ്‌ വളരട്ടെയെന്നത്‌. . .

സാധാരണ കുടുംബത്തിലെ ഒരുത്തൻ ഡോക്ടറായിക്കഴിഞ്ഞ് അവൻ കുടുംബം രക്ഷിച്ചുകൊള്ളും എന്ന് കരുതി മാതാപിതാക്കൾ ഡോക്ടറാക്കരുത്..
കടം വാങ്ങരുത്…
ലക്ഷങ്ങൾ ലോണെടുത്ത് തോളിൽ വച്ചുകൊടുക്കരുത്.
ദയവ് ചെയ്ത് ആ അധികഭാരം കൂടി ചുമപ്പിക്കരുത്….

ഇതിനർത്ഥം മെഡിക്കൽ പ്രഫഷനെ വെറുക്കുന്നെന്നോ ഡോക്ടറായി കഴിയുന്നത്‌ ഇഷ്ടമില്ലെന്നോ അല്ല. ഇപ്പൊഴും അന്നത്തെ തീരുമാനം ഒരു തെറ്റായിരുന്നെന്ന് തോന്നിയിട്ടില്ല.ഡോക്ടറായതുകൊണ്ട്‌ മാത്രം ഉണ്ടായ നേട്ടങ്ങളുണ്ട്‌.

കുറച്ച്‌ യാഥാർത്ഥ്യങ്ങൾ അറിഞ്ഞുവേണം ഇങ്ങോട്ടേക്ക്‌ കടക്കാൻ എന്നതാണ്.ആത്മാർത്ഥമായ താൽപര്യം ഉണ്ടാവണം. ഒന്നും, ഒരു നല്ല വാക്ക്‌ പോലും തിരിച്ച്‌ പ്രതീക്ഷിക്കരുത്‌. അങ്ങനെയുണ്ടെങ്കിൽ ഡോക്ടറാവണം. ഡോക്ടറായാൽ മാത്രം കിട്ടുന്ന ചില സന്തോഷങ്ങളുണ്ടാവും. . .സുഖമായ ഒരാളുടെ ചിരി പോലെ. . .അത്‌ മറ്റാർക്കും കിട്ടില്ല

അതുകൊണ്ട് ഡൊമിനിക്കിനു ഡോക്ടറാകണമെന്ന് നല്ല ബോദ്ധ്യമുണ്ടെങ്കിൽ, ആഗ്രഹമുണ്ടെങ്കിൽ, ഇതെല്ലാം കേട്ടിട്ടും അങ്ങനെയാണെങ്കിൽ പഠിച്ച്‌ നേടട്ടെ

https://www.facebook.com/Dr.Nelson.Joseph/posts/2633140490043207

shortlink

Related Articles

Post Your Comments

Related Articles


Back to top button