കൊച്ചി: പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിചിത്രമാണെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ലെന്നും ഇക്കാര്യത്തില്‍ ജല കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നു. ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടായേനെ എന്നും ഡാമുകള്‍ തുറന്നു വിട്ട് ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ വിശദീകരിച്ചു.
എന്നാല്‍ കേരളത്തിലെ വിവിധ ഡാമുകളില്‍ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാനും കാരണമായതെന്നായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രളയം നിയന്ത്രിക്കുന്നതില്‍ ഡാം മാനേജ്‌മെന്റില്‍ പാളിച്ചയുണ്ടായെന്നും മുന്നറിയിപ്പുകള്‍ നല്‍കിയത് അടിയന്തര കര്‍മ്മ പദ്ധതിയിലെ (എമര്‍ജന്‍സി ആക്ഷന്‍ പ്‌ളാന്‍) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments