ഛണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമാകുന്നു. തന്റെ ഭാര്യയ്ക്ക് അമൃത്സര്‍ സീറ്റ് നിഷേധിച്ചതിനെതിരെ സിദ്ദു പരസ്യമായി രംഗത്ത് വന്നതോടെയാണ് പഞ്ചാബ് മന്ത്രിസഭയിലെ ഭിന്നത പരസ്യമായത്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് മറ്റൊരു മന്ത്രിയായ സാധു സിങ് ധരംസോത് പറഞ്ഞു.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ആളാണ് സിദ്ദു. ഇനി കോണ്‍ഗ്രസ് വിട്ടാല്‍ സിദ്ദു എങ്ങോട്ട് പോകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സാധു സിങ് പരിഹസിച്ചു.അമരീന്ദറിനെ വിമര്‍ശിച്ച് സിദ്ദു ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയുമായി അമരീന്ദര്‍ സിങ് രംഗത്ത് വന്നു. തന്നെ പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ സിദ്ദു ആഗ്രഹിക്കുന്നുണ്ടാകാം എന്നായിരുന്നു അമരീന്ദറിന്റെ പ്രസ്താവന. കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരെ നടപടി സ്വീകരിക്കേണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അച്ചടക്ക രാഹിത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. അല്ലാത്തപക്ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയുണ്ടാക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു .സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവര്ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാകാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളില്ല.
എന്നാല്‍ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അമരീന്ദര്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു. അത് ബാധിക്കുക പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും ആയിരിക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Post Your Comments