തിരുവനന്തപുരം: വോട്ടെണ്ണലിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയിലെ വോട്ടര്‍മാരുടെ ആകാംഷയേറ്റി പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷ നേതാക്കന്മാര്‍.കേന്ദ്രത്തില്‍ 300 സീറ്റിന് മുകളില്‍ നേടി എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്നും കേരളത്തില്‍ തിരുവനന്തപുരത്ത് ബിജെപി സീറ്റ് നേടുമെന്നുമാണ് മിക്ക പ്രവചനങ്ങളും പറയുന്നതെങ്കിലും ഇതിനെയെല്ലാം തള്ളിക്കളയുകയാണ് ശശി തരൂരും യെച്ചൂരിയും മമതാബാനര്‍ജിയും ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ നേതാക്കള്‍.
ഇന്ത്യയിലെ വോട്ടര്‍മാര്‍ സാധാരണഗതിയില്‍ ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് കൃത്യമായി പറയാറില്ലെന്നും ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് ചോദിക്കുന്നവര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ പെട്ടവരായിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് മിക്കവരും വോട്ടു വെളിപ്പെടുത്താറില്ലെന്നുമാണ് ശശി തരൂരിന്റെ പക്ഷം. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയയില്‍ നടന്ന തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളിലെ പിഴവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഓസ്‌ട്രേലിയയില്‍ തെറ്റായിപ്പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എക്‌സിറ്റ്‌പോളുകള്‍ വിശ്വസിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പറയുന്നു. എക്‌സിറ്റ് പോള്‍ ഫലം ഗോസിപ്പാണെന്നും വിശ്വസിക്കരുതെന്നും വോട്ടിങ് മെഷീനില്‍ ക്രമേക്കേടിനായി ഉപയോഗിക്കാനുള്ള ‘ഗെയിം പ്ലാനാ’ണ് ഇതെന്നും മമത ആരോപിച്ചു. ഈ ഗോസിപ്പ് വഴി ആയിരക്കണക്കിന് വോട്ടിങ് മെഷീന്‍ മാറ്റിവയ്ക്കുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഒറ്റക്കെട്ടായി ശക്തരാതി നില്‍ക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും താന്‍ ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.
എക്‌സിറ്റ് പോളിനെ വിശ്വാസമില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറയുന്നു. ഒരിടത്തും എക്‌സിറ്റ്‌പോള്‍ കൃത്യമായിരുന്നിട്ടില്ല എന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളിന്റെ നേരെ വിപരീത ഫലമാണ് പുറത്തു വന്നതെന്നും യെച്ചൂരി പറയുന്നു.അതേസമയം എല്ലാത്തവണയും എക്‌സിറ്റ് പോളുകള്‍ തെറ്റാറില്ലെന്നാണ് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്.
അതിനിടയില്‍ എന്‍ഡിഎയ്ക്ക് വലിയ ഭുരിപക്ഷം കിട്ടില്ലെന്ന പ്രതീക്ഷയില്‍ ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു നടത്തിയിരുന്നെങ്കിലും എക്‌സിറ്റ്‌പോള്‍ പുറത്തു വന്നതോടെ മെയ് 23 വരെ കാത്തിരിക്കാനാണ് തീരുമാനം.
Post Your Comments