സന്നിധാനം : ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോര്‍ഡിന്‍റെ വക നിര്‍ണായക ചുമതലകള്‍. ശബരിമല സ്പോണ്‍സര്‍മാരുടെ ഏകോപന ചുമതല ഇയാൾക്ക് നല്‍കിയാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. രാമകൃഷ്ണയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കരുതെന്നും ദേവസ്വം എസ്പി വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കി ബോര്‍ഡിന് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് രാമകൃഷ്ണക്ക് പ്രത്യേക ചുമതല നല്‍കി ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. കഴിഞ്ഞ മകരളവിളക്ക് കാലത്തു ദേവസ്വം വിജിലന്‍സ് കോടാമ്പക്കം സ്വദേശി രാമകൃഷ്ണയുടെ മുറിയില്‍ നിന്നും നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തിരുന്നത് വലിയ വാർത്തയായിരുന്നു. അതെ സമയം ഇയാൾക്ക് ശിക്ഷ കിട്ടാതിരുന്നതിനു പിന്നിൽ ബോർഡിലെ ചില ഉന്നതരുടെ സഹായം ലഭിച്ചുവെന്ന ആക്ഷേപമുണ്ടായിരുന്നു.
ഒരു മാധ്യസ്ഥാപനത്തിന്റെ കാര്‍ഡും.ശബരിമല മാസ്റ്റര്‍ പ്ലാന്‍ കോര്‍ഡിനേറ്റര്‍, തമിഴ്നാട് സര്‍ക്കാറിലെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. എല്ലാം വ്യാജമാണെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍.രാമകൃഷ്ണക്കും സഹായികള്‍ക്കുമെതിരെ കേസെടുക്കാന്‍ ദേവസ്വം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സന്നിധാനം പൊലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയച്ചു.എന്നാല്‍ നിയമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ ന്യായീകരിച്ചു.
രാമകൃഷ്ണക്കെതിരെയുണ്ടായ അന്വേഷണത്തിന് കാരണം ദേവസ്വം വിജിലന്‍സിലെ ഒരു ഉദ്യോഗസ്ഥനുമായി ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് ദേവസ്വം പ്രസിഡന്‍റ് പറയുന്നു. രാമകൃഷണക്ക് നല്‍കിയത് പ്രധാനപ്പെട്ട തസ്തികല്ലെന്നും ബോര്‍ഡിന് സാമ്പത്തിക ഭാരമൊന്നും ഉണ്ടാകില്ലെന്നുമാണ് വിശദീകരണം. ശബരിമലയിലെ സ്പോണ്‍സര്‍മാരുടെ ഏകോപനചുമതലയാണ് നല്‍കിയത്. ഈ തസ്തികക്കൊപ്പം സന്നിധാനത്ത് പലവിധ സൗകര്യങ്ങളും ഉണ്ട്. സന്നിധാനത്ത് മുറി അനുവദിച്ചിട്ടുണ്ട്.
ശബരിമലയിലെ കാര്യങ്ങള്‍ വിവിധ പദ്ധതികള്‍ ഏകോപിക്കാന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമിതികളും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെ ഒരു സ്വകാര്യവ്യക്തിക്ക് എന്തിന് ഈ ചുമതല നല്‍കുന്നുവെന്നാണ് ആരോപണം. വിവിധ പൂജകള്‍ക്കായി നട തുറക്കുന്നതു മുതല്‍ അടക്കുന്നതു വരെ സന്നിധാനത്തു ഉണ്ടാകണമെന്നും ബോര്‍ഡിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. സ്പോണ്‍സര്‍മാരെ ഏകോപിക്കുന്ന ജോലി ഒരു സേവനമായിരിക്കുമെന്നാണ് ബോര്‍ഡിന്‍റ ഉത്തരവില്‍ പറയുന്നു.
Post Your Comments