തിരുവനന്തപുരം: വായിച്ചിട്ടൊന്നും മനസ്സിലാകുന്നില്ലെന്ന പരാതി ഇനി വേണ്ട. പാഠപുസ്തകങ്ങള്‍ വായിച്ചു മാത്രമല്ല, കണ്ടും കേട്ടും പഠിക്കാം. പാഠ്യവിഷയങ്ങള്‍ കാണാനും കേള്‍ക്കാനും കൂടി സൗകര്യമൊരുക്കുന്ന ക്യുആര്‍ കോഡുകള്‍ കൂടി ഉള്‍പ്പെടുത്തി എസ്സിഇആര്‍ടി(സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി)യുടെ 9, 10 ക്ലാസ് പാഠപുസ്തകങ്ങള്‍ തയാറായി.
സ്മാര്‍ട് ഫോണ്‍ വഴി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഇവ കാണാനും കേള്‍ക്കാനും കഴിയും. കേന്ദ്ര ,സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികളുടെ കീഴിലുള്ള ദിക്ഷ, സമഗ്ര എന്നീ പോര്‍ട്ടലുകളില്‍ നിന്നാണു വിഡിയോകള്‍ തയാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. അധ്യാപകരെ ക്യുആര്‍ കോഡ് പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികള്‍ സംസ്ഥാനത്ത് ഉടന്‍ പൂര്‍ത്തിയാകും.
എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങളില്‍ പാഠഭാഗങ്ങള്‍ക്കൊപ്പം അധിക വായനയ്ക്കു സഹായിക്കുന്ന ക്യുആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സയന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ കാണാന്‍ കഴിയുന്ന വിഡിയോകളും ഭാഷാവിഷയങ്ങളില്‍ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളുമൊക്കെയാണ് ഉള്‍പ്പെടുത്തിയത്. കണക്ക് ലളിതമാക്കാന്‍ ജിയോജിബ്ര ആപ് ഉപയോഗിച്ചു തയാറാക്കിയ വിഡിയോകളും കാണാം. മലയാളം, ഇംഗ്ലിഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഇവ പ്രത്യേകം തയാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും.
Post Your Comments