ചെങ്ങന്നൂർ : ഓൺലൈന്‍ വഴി പണത്തട്ടിപ്പ് നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബിപ്ലവ്‌ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. പതിനയ്യായിരം രൂപയാണ് ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ യുവതിക്ക് നഷ്ടമായത്.
യുവതിയുടെ ഫോണിലേക്ക് അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി ഒരു മെസേജ് പ്രതി അയച്ചിരുന്നു. ഫെബ്രുവരി പതിനാറിനാണ് മെസേജ് എത്തിയത്. സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപാ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. യുവതി തുക അടച്ചു കഴിഞ്ഞപ്പോള്‍ പതിനായിരം രൂപാ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം അയക്കാൻ യുവതി ബാങ്ക് ശാഖയില്‍ ചെന്നപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ ബാങ്ക് വിജിലൻസിനെ വിവരമറിയിച്ചു.
തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം 34 ലക്ഷം രൂപ പലരിൽനിന്നും തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
Post Your Comments