Latest NewsKerala

കാത്തിരിക്കുന്ന ഫലപ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ് അറിയും; വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ 23ന് നടക്കും. അതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളാണുള്ളത്. രാവിലെ 8ന് തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണും. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. 8.30ന് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഉച്ചയ്ക്ക് 12ന് മുന്‍പു യന്ത്രങ്ങള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ വിജയി ആരെന്നു വ്യക്തമാകുമെങ്കിലും വിവിപാറ്റിലെ രസീതുകള്‍ കൂടി എണ്ണി വൈകിട്ട് ആറോടു കൂടിയേ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കൂ.

തപാല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ മുറികളുണ്ടാകും. 23ന് രാവിലെ 8നു ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കില്ല. പരമാവധി 14 വോട്ടെണ്ണല്‍ മേശകളാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണുന്ന മുറിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മെഷീനിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം കണ്ടാല്‍ വിവിപാറ്റ് 3 വട്ടം എണ്ണി ആ കണക്കാണ് അംഗീകരിക്കുക.

തപാല്‍ വോട്ട് എണ്ണാന്‍ 4 മേശകള്‍ വേറെയുണ്ടാകും. തപാല്‍ ബാലറ്റ് എണ്ണുന്ന മേശയ്ക്കരികെ സ്ഥാനാര്‍ഥികള്‍ക്ക് ഓരോ ഏജന്റുമാരെ നിയോഗിക്കാം. ആകെ ലഭിച്ച തപാല്‍ ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില്‍ തപാല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണുകയും അത് വിഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. ഒരു റൗണ്ട് എണ്ണിക്കഴിഞ്ഞ് ലീഡ് നില തിരഞ്ഞെടുപ്പ് കമ്മിഷന്റെയും എന്‍ഐസിയുടെയും പോര്‍ട്ടലിലേയ്ക്ക് അപ്ലോഡ് ചെയ്ത ശേഷമേ അടുത്ത റൗണ്ട് എണ്ണൂ.

ആകെ 14 റൗണ്ടുകളാണ് എണ്ണേണ്ടി വരുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ എണ്ണിക്കഴിഞ്ഞ ഏതെങ്കിലും 2 മെഷീനുകള്‍ വീണ്ടും എണ്ണി കൃത്യത ഉറപ്പുവരുത്തും. മെഷീനുകളുടെ എണ്ണല്‍ പൂര്‍ത്തിയായ ശേഷമേ വിവിപാറ്റിലെ പേപ്പര്‍ സ്ലിപ് എണ്ണാന്‍ തുടങ്ങൂ. ഒരു നിയമസഭാ മണ്ഡലത്തിലെ 5 ബൂത്തുകള്‍ നറുക്കിട്ടെടുത്താണ് വിവിപാറ്റ് എണ്ണുക.

കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്പ്ലേ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അവിടുത്തെ വിവിപാറ്റ് എണ്ണും. സ്ഥാനാര്‍ഥിയോ കൗണ്ടിങ് ഏജന്റോ ആവശ്യപ്പെട്ടാല്‍ എല്ലാ വസ്തുതകളും പരിശോധിച്ച് റിട്ടേണിങ് ഓഫിസര്‍ക്ക് ആ ബൂത്തിലെ വിവിപാറ്റ് എണ്ണാന്‍ തീരുമാനിക്കാം. വോട്ടെണ്ണലിനുള്ള ദിവസം അടുക്കുന്നതോടെ കടുത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button