കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാമ്പുരുത്തിയില്‍ റീ പോളിംഗിനിടെ ചട്ടലംഘനം നടന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. പോളിംഗ് ഉദ്യോഗസ്ഥനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പാമ്പുരുത്തി ഉള്‍പ്പെടുന്ന തളിപ്പറമ്പ എ ആര് ഒയെ മന്ത്രി ഇ പി ജയരാജന് വീട്ടില്‍ വിളിച്ചു വരുത്തിയെന്നാണ് സുധാകരന് ആരോപിക്കുന്നത്.
സിപിഎം നടത്തിയ ക്രമക്കേടില്‍ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166 -ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരുന്നു. കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ ഒമ്പത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പാമ്പുരുത്തിയില്‍ റീ പോളിംഗ് നടന്നത്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ധര്‍മ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസില്‍ ആണ് ഇന്ന് റീ പോളിംഗ് നടക്കുക.
Post Your Comments