കാസര്‍കോട്: നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്നും കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കളക്ടര്‍ വീണ്ടും വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒ-യില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ എന്നും കളക്ടര്‍ അറിയിച്ചു. ചൂണ്ടുവിരലില്‍ നേരത്തേ മഷി പതിപ്പിച്ചതിനാല്‍ ഇടതു കൈയിലെ നടുവിരലിലാകും മഷി പുരട്ടുക.
അതേസമയം, പര്‍ദ്ദയിട്ടു മുഖം മറച്ച് വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. പിലാത്തറയിലെ പ്രചാരണയോഗത്തില്‍ ജയരാജന്‍ നടത്തിയ വിവാദ പരാമര്‍ശം മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ ഉദ്ദേശിച്ചായിരുന്നു. എന്നാല്‍ ഇത് ഒരു സമൂഹത്തെയാകെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. തര്‍ക്കം മുറുകിയതോടെ ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയും രംഗത്തെത്തി. ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്ന് കോടിയേരി പറഞ്ഞു. കള്ളവോട്ട് തടയാനുദ്ദേശിച്ചാണ് എം വി ജയരാജന്റെ പ്രതികരണമെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി വ്യക്തമാക്കി.
Post Your Comments