കണ്ണൂര്‍: കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.റീ പോളിഗ് ഇടത് മുന്നണക്ക് തുണയാകും. ആരുടെയെങ്കിലും സമ്മര്‍ദ്ദഫലമായാണോ ധര്‍മ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിയതെന്ന് തനിക്ക് അറിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസിലെ ബൂത്ത് നമ്പര്‍ 48, കല്യാശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസിലെ 69,70 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് റി പോളിംഗ്. കണ്ണൂര്‍ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 നമ്പര്‍ ബൂത്തിലും, കുന്നിരിക്ക യു.പി സ്‌കൂളിലെ 52,53 ബൂത്തുകളിലും റീ പോളിംഗ് നടക്കും.
പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പൊലീസ് സാന്നിധ്യത്തെ വിന്യസിച്ചിട്ടുണ്ട്.
കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.
Post Your Comments