UAELatest News

ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവം; ചികിത്സാ ചിലവ് ഏറ്റെടുത്ത് അബുദാബി കിരീടാവകാശി

ദുബായ്: ദുബായിൽ ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തിൽ ചികിത്സാ ചിലവ് ഏറ്റെടുത്ത് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.  യുവതിയെ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കാനാണ് തീരുമാനം. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരുടെ പിഴവ് കാരണമാണ് യുവതി ‘കോമ’യിലായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ കഴിഞ്ഞ മാസം 23ന് നടന്ന ശസ്ത്രക്രിയക്കിടെയാണ് രോഗി ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് ‘കോമ’ അവസ്ഥയിലാവുകയും ചെയ്തത്. സ്വദേശി യുവതിക്കാണ് ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവുമുണ്ടായത്.

സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ അനസ്തറ്റിസ്റ്റ് പുകവലിക്കാനും കാപ്പി കുടിക്കാനുമായി പുറത്തുപോയെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ മറ്റൊരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് ഇത്രയും ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല.

അബുദാബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തന്നെ ബന്ധുപ്പെട്ടുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബന്ധുക്കള്‍ അബുദാബിയിലേക്ക് പോയി നടപടികള്‍ പൂര്‍ത്തീകരിക്കും. ഏത് രാജ്യത്തേക്കാണ് കൊണ്ടുപോകുന്നതെന്നും ഏത് ആശുപത്രിയിലായിരിക്കും ചികിത്സയെന്നും തീരുമാനിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ എല്ലാ ശസ്ത്രക്രിയകളും വിലക്കിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഇഎന്‍ടി സ്പെഷ്യലിസ്റ്റും അനസ്തേഷ്യ വിദഗ്ധനും രോഗികളെ പരിശോധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button