ഹണി ട്രാപ്പിൽ കുടുങ്ങി രാജ്യത്തിന്റെ സുപ്രധാന സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി കൊടുത്ത പട്ടാളക്കാരനെ മധ്യപ്രദേശ് എ ടി എസ്സും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തു.
വാട്ട്സ് ആപ്പിലൂടെയാണ് ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നത്. 2018 ഡിസംബർ മുതൽ മിലിട്ടറി ഇന്റലിജിൻസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഭോപ്പാലിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ സൈനികനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. എന്നാൽ പാകിസ്ഥാനുമായി എന്തൊക്കെ വിവരങ്ങൾ ഇയാൾ കൈമാറിയെന്നും ആരൊക്കെ ഇതിന്റെ പിന്നിൽ ഉണ്ടെന്നും അറിയാൻ ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ സൈന്യവും ശ്രമിക്കുന്നുണ്ട്.
മികച്ച പരിശീലനം നേടിയ ഒരു പാകിസ്ഥാൻ ചാര വനിതയാണ് ഇയാളെ ഹണി ട്രാപ്പിൽ കുടുക്കിയതെന്നാണ് വിവരം. ഇവർ ഫേസ്‍ബുക് സന്ദേശങ്ങളിലൂടെ ഇയാളെ വശീകരിക്കുകയായിരുന്നു. പിന്നീട് ഫോൺ നമ്പറുകൾ പരസ്പരം കൈമാറിയ ഉടനെ ഫേസ്‍ബുക് അകൗണ്ട് ഇരുവരും ഡി ആക്ടിവേറ് ചെയ്തു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ രീതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഇയാളിൽ നിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുന്നത്. സൈനികന്റെ ബാങ്ക് അക്കൗണ്ടിൽ വരവിൽ കവിഞ്ഞുള്ള നിക്ഷേപം ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ബീഹാർ പോലീസും അന്വേഷണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പോലീസും സൈന്യവും.
Post Your Comments