KeralaLatest News

മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍

പാരീസ്: മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍. ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താന്‍ ഏറെ ബോധവാനാണെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി പറയുകയുണ്ടായി. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താല്പര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി അറിയിച്ചു.

പാരീസില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പിക്കറ്റിയുമായുള്ള ചര്‍ച്ച ഒരു മണിക്കൂറിലധികം നീണ്ടു. പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താന്‍ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനപാതയാണ് കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അവരോട് വിശദീകരിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുകയാണ്. അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. സാമൂഹിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ബദല്‍ വികസന പാതയിലാണ് കേരളം മുന്നോട്ടുപോകുന്നത്.

സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. അതുകൊണ്ടുതന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സാമ്പത്തിക അസമത്വം മാത്രമല്ല, സാമൂഹിക അസമത്വം കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. ട്രാന്‍സ്ജന്‍ഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിര്‍ദേശിച്ചു. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മര്‍ദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയര്‍ത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്നികുതി എന്നിവയുടെ ഘടന മാറണം. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്ന വിധത്തില്‍ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം.

സാമ്പത്തിക അസമത്വത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് കിട്ടാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പിക്കറ്റി പറഞ്ഞു. സാമൂഹിക രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയാലേ അസമത്വം കുറയ്ക്കാന്‍ കഴിയൂ. അസമത്വത്തെക്കുറിച്ചുള്ള വിശദമായ അപഗ്രഥനത്തിന് സമഗ്രമായ ഡാറ്റാബേസ് ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പിക്കറ്റി അഭ്യര്‍ത്ഥിച്ചു.

കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം പിക്കറ്റി സ്വീകരിച്ചതിന് നന്ദി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ എന്നിവരും ഒപ്പമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button