തിരുവനന്തപുരം: പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തിവന്ന യുവാവിന്റേയും യുവതിയുടേയും കൂടെനിന്നും 2 മാസം പ്രായമായ കുഞ്ഞിനെ ശരണബാല്യം ടീം രക്ഷിച്ച് യുവതിയേയും കുഞ്ഞിനേയും കൊല്ലം കരിക്കോട് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ ശരണബാല്യം പദ്ധതിയിലെ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറായ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷിച്ചെടുത്തത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്ത ശരണബാല്യം ടീമിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ബാലവേല-ബാലഭിക്ഷാടന-ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കിയ ശേഷം 2018 നവംബര്‍ മുതല്‍ 77 ഓളം കുട്ടികളെയാണ് മോചിപ്പിച്ചത്. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാഴ്ചയോളം കാലമായി വര്‍ക്കല, പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പിഞ്ചു കുഞ്ഞുമായി ഭിക്ഷാടനം നടത്തി അവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു 40 വയസുള്ള യുവതിയും 42 വയസുള്ള യുവാവും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച യാത്രയ്ക്കിടെ ശ്രദ്ധയില്‍പ്പെട്ട ജില്ല ശിശു സംരക്ഷണ ഓഫീസറാണ് ഇക്കാര്യം ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറായ അജീഷിനെ വിളിച്ചറിയിച്ചത്. രാത്രി 8 മണിയോടെ അജീഷ് ഇവരുടെ അടുത്തെത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് ഭര്‍ത്താവല്ലെന്നും കുട്ടിയുടെ അച്ഛനല്ലെന്നും വ്യക്തമായി. കോട്ടയം വാഗമണ്‍ സ്വദേശിയായ വേലു 9 മാസം മുമ്പ് യുവതിയോടൊപ്പം കൂടിയെന്നാണ് പറഞ്ഞത്. രണ്ടുമാസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലാണ് കുട്ടിയുടെ പ്രസവം നടന്നതെന്നാണ് യുവതി വ്യക്തമാക്കിയത്. അവരുടെ കൈയ്യില്‍ എസ്.എ.ടി.യില്‍ ചികിത്സ തേടിയ ചികിത്സാ രേഖ മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ എസ്.എ.ടി. ആശുപത്രിയില്‍ വിളിച്ച് ഐ.പി. നമ്പര്‍ അതാണെന്ന് ഉറപ്പാക്കിയെങ്കിലും മേല്‍വിലാസത്തില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഇവരുടെ കൈവശം യാതൊരു വിധ ഐഡന്റിറ്റി കാര്‍ഡുകളും ഇല്ലാത്തതു കൊണ്ട് അവരുടെ കുഞ്ഞാണോ ഇതെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. കുട്ടിയ്ക്ക് പനിയും ഉണ്ടായിരുന്നു. സ്റ്റേഷന്‍ പരിസരത്ത് നായശല്യവും രൂക്ഷമായിരുന്നു. ധാരാളം വാര്‍ത്തകള്‍ വരുന്നതിനാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പിഞ്ച് കുഞ്ഞിനേയും യുവതിയേയും മറ്റൊരു പുരുഷനോടൊപ്പം നിര്‍ത്തി പോകുന്നത് ശരിയല്ലെന്ന് കണ്ട് അജീഷ് പോലീസിനെ വിളിച്ചു വരുത്തി.
പരവൂര്‍ പോലീസ് ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തം സ്ഥലം പോത്തന്‍കോടെന്നാണ് യുവതി പറഞ്ഞത്. വീടില്ലാത്തതിനാല്‍ ബീമാപള്ളിയില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. വാടക വീട് ഒഴിഞ്ഞതോടെയും മറ്റ് ചില പ്രശ്‌നങ്ങള്‍ കാരണവും അവര്‍ റെയില്‍വേ സ്റ്റേഷനില്‍ താമസം തുടങ്ങിയത്. ഭിഷാടനം നടത്തിയിരുന്ന ഇവര്‍ക്ക് വേറെ താമസ സ്ഥലം ഇല്ലതാനും. മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് 5 വയസുള്ള ഒരു കുട്ടി ഉണ്ടായിരുന്നതായും ന്യൂമോണിയ ബാധിച്ച് മരിച്ചതായും കണ്ടെത്തി. ഇതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെ വിവരമറിയിച്ചു. തുടര്‍ന്നാണ് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം പോലീസിന്റെ സഹായത്തോടെ കുട്ടിയേയും അമ്മയേയും കരിക്കോട് മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചു. യുവാവില്‍ നിന്നും മൊഴി എടുത്ത ശേഷം യുവതിയുടെ ബന്ധുക്കളെക്കൂട്ടി വരണമെന്ന് പറഞ്ഞ് വിട്ടയച്ചു.
തുടര്‍ന്ന് തിങ്കളാഴ്ച കുട്ടിയേയും അമ്മയേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. യുവാവ് എത്തിയെങ്കിലും ബന്ധുക്കളാരും വന്നില്ലെന്നും വാടക വീട് ശരിയായില്ലെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ ഇദ്ദേഹത്തോടൊപ്പം കുട്ടിയേയും അമ്മയേയും വിടാന്‍ കഴിയില്ലെന്ന് കമ്മിറ്റി വിധിച്ചു. ഇവരെ വിട്ടാലും അടുത്ത ജില്ലയിലേക്ക് ഭിക്ഷാടനത്തിനായി കുട്ടിയെ കൊണ്ട് പോകുമെന്ന് കണ്ടെത്തി. അതിനാല്‍ തിരുവനന്തപുരം ഡി.സി.പി.യു. മുഖേന ഇവര്‍ താമസിച്ച സ്ഥലവും പ്രസവിച്ച എസ്.എ.ടി.യിലും കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതിലും വ്യക്തമായില്ലെങ്കില്‍ ഡി.എന്‍.എ. ടെസ്റ്റിലൂടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മതന്നെയാണോയെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള തുടര്‍ നടപടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കുന്നതാണ്. ഇത് ഇവരുടെ കുഞ്ഞാണെന്ന് വ്യക്തമാകുകയും കുട്ടിയെ വളര്‍ത്തുന്നതിന് യുവതിക്ക് ശേഷിയുണ്ടെന്നും ഇവരോടൊപ്പം സുരക്ഷിതമാണെന്നും കണ്ടെത്തിയാല്‍ കുട്ടിയെ ഇവരോടൊപ്പം വിടും. അല്ലാത്തപക്ഷം കുഞ്ഞിനെ അംഗീകൃത ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കുന്നതാണ്.
Post Your Comments