KeralaLatest News

അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം നടത്താനാകില്ല

തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം നടത്താനാകില്ല. പരിശോധനയില്‍ ക്ലാസുകള്‍ നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് ഇടുക്കി മെഡി. കോളേജില്‍ രണ്ടാം വര്‍ഷവും പ്രവേശനം മുടങ്ങിയത്. അതേസമയം ആശുപത്രിയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് മുന്‍പ് മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് അധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധനയില്‍ അധ്യാപകരുടെ കുറവ് അടക്കം പല പ്രശ്‌നങ്ങളും കണ്ടെത്തിയാണ് അനുമതി നിഷേധിച്ചത്. റസിഡന്റ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും കുറവ്, വാര്‍ഡുകളിലെ പോരായ്മകള്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലായ്മ, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായുള്ള ക്വാര്‍ട്ടേഴ്‌സിന്റെ അഭാവം, ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കുറവ്, ആവശ്യത്തിന് തീവ്രപരിചരണ വിഭാഗങ്ങളില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അനുമതി നിഷേധിച്ച വിവരം സര്‍ക്കാരിനെ മെഡിക്കല്‍ കൗണ്‍സില്‍ അറിയിക്കുകയും ചെയ്തു. കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയോട് വെള്ളിയാഴ്ച നേരില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി മാറ്റുന്നത്. രണ്ട് ബാച്ചുകളിലായി 100 കുട്ടികള്‍ക്ക് പ്രവേശനവും നല്‍കിയിരുന്നു. പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ വന്നതോടെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഇടതു സര്‍ക്കാര്‍ വന്നതോടെ വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button