തൃശൂര്‍: ബാര്‍ നടത്താനുള്ള അനുമതിക്കായി വ്യാജ രേഖ ചമച്ച് പഞ്ചായത്തിനെ കബളിപ്പിച്ചതിനെ തുടര്‍ന്ന് റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി ഉടമ ജോര്‍ജ്ജിനെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. മണലൂര്‍ പഞ്ചായത്തിലാണ് ഇയാള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചത്.സില്‍വര്‍ റസിഡന്‍സി റിസോര്‍ട്ടിലെ പുതിയ കെട്ടിടം ബാര്‍ ആക്കുന്നതിന് അനുവാദം തേടിയുള്ള അപേക്ഷയിലായിരുന്നു തിരിമറി.
സില്‍വര്‍ റെസിഡന്‍സിയുടെ ഈ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടുണ്ട്. അപേക്ഷക്കൊപ്പം ഹാജരാക്കിയ പ്ലാനില്‍ സര്‍വ്വേ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭൂനികുതി രസീതാണ് ഹാജരാക്കിയത്. ഭൂനികുതി രസീതുകളും, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം നിലം എന്നത് തിരുത്തി പുരയിടം എന്നാക്കി മാറ്റിയിട്ടുണ്ട്. ഇവരുടെ കെട്ടിടത്തിന്റെ മുന്‍ രേഖകള്‍ പരിശോധിച്ചതില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിച്ചപ്പോഴും, കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷിച്ചപ്പോഴും ഹാജരാക്കിയ രേഖകളിലും ഭൂമിയുടെ തരം നിലം എന്നതിന് പകരം പുരയിടം എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതോടെയാണ് രേഖകള്‍ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. പഞ്ചായത്തിനെ കബളിപ്പിച്ച് വ്യാജ രേഖ സമര്‍പ്പിച്ചതിനെതിരെ അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
Post Your Comments