മായം കലർത്തിയ റിപ്പോർട്ടടക്കം മുക്കി, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയിഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. അരിയിലും വെളളത്തിലും മായം കലര്‍ത്തിയെന്ന ലാബ് പരിശോധനാ ഫലം വരെ മുക്കിയതായാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
കേരള വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി അനില്‍കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 45 ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് ഇന്ന് രാവിലെ 11 മുതല്‍ റെയിഡ് ആരംഭിച്ചത്. കേസുകള്‍ കോഴ വാങ്ങി ഒതുക്കുന്നുവെന്നായിരുന്നു എ.ഡി.ജി.പിക്ക് ലഭിച്ച വിവരം. ഇത് ശരി വയ്ക്കുന്ന കണ്ടെത്തലാണ് വിജിലന്‍സിന് ലഭിച്ചത്.
കൂടതെ വയനാട് മീനങ്ങാടിയില്‍ കുപ്പിവെളള കമ്പനിയിലെ വെളളത്തില്‍ കലര്‍പ്പുള്ളതായി ലാബ് പരിശോധനാ ഫലത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അപ്പാടെ മുക്കിയതായി വിജിലന്‍സ് കണ്ടെത്തി. കല്‍പ്പറ്റയില്‍ അരിയില്‍ മായം കലര്‍ത്തിയതായുള്ള ലാബ് റിപ്പോര്‍ട്ടും മുക്കി. രണ്ടും കോഴ വാങ്ങിയാണെന്നാണ് വിജിലന്‍സ് നിഗമനം.
എന്നാൽ പത്തനംതിട്ട ആറന്‍മുളയിലും, അടൂരിലും ഭക്ഷണത്തില്‍ മായം കലര്‍ത്തിയതിനെത്തുടര്‍ന്ന് വന്‍കിട ഹോട്ടലുകള്‍ക്ക് ചുമത്തിയ ഒരുലക്ഷത്തിലധികം വരുന്ന പിഴ അയ്യായിരം രൂപയായി ഒതുക്കിയതായും റെയിഡില്‍ കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് നാളെ എ.ഡി.ജി.പി അനില്‍കാന്തിന് കൈമാറും.
Post Your Comments