കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിത്യസംഭവമായി തുടരുന്ന സാഹചര്യത്തിൽ സ്വര്‍ണക്കടത്തിന്റെ പുതിയ തലങ്ങൾ വ്യക്തമാകുകയാണ്. കസ്റ്റംസ് പരിശോധന സംവിധാനങ്ങളെ മറികടക്കാനായി പുതിയ രീതികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ.
കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണ് ഇപ്പോൾ. രൂപമാറ്റം വരുത്തിയ സ്വര്‍ണം കാരിയര്‍മാരായ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ദേഹത്തോട് ചേര്‍ത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറടക്കമുളള സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വര്‍ണക്കടത്തു സംഘങ്ങളുടെ ഗള്‍ഫിലെ കേന്ദ്രങ്ങളിലുമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ത്ത് ഉരുക്കി തരിരൂപത്തിലാക്കിയാല്‍ പിന്നെ സ്വര്‍ണമാണന്ന് തിരിച്ചറിയാനാവില്ല. പൊടിയാക്കിയ സ്വര്‍ണം കളിമണ്ണിനൊപ്പം ചേര്‍ത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. ഇത് അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചും മറ്റുമാണ് കടത്തുന്നത്.ബെല്‍റ്റു രൂപത്തിലാക്കി ഇരുകാലുകളിലും വച്ചു കെട്ടിയാണ് പലരും പരിശോധനയ്ക്ക് എത്തുന്നത്.
പരിശോധനയില്‍ തപ്പിയാല്‍ കിട്ടാന്‍ സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ അറകളുണ്ടാക്കിയും സ്വര്‍ണമിശ്രിതം ഒളിപ്പിക്കും. മിശ്രിതത്തിലെ സ്വര്‍ണത്തിന്റെ അനുപാതം 50 ശതമാനത്തില്‍ താഴെയാണങ്കില്‍ കാരിയര്‍മാര്‍ പിടിക്കപ്പെടാറില്ല. സ്വര്‍ണമിശ്രിതം നാട്ടിലെത്തിച്ച ശേഷം വീണ്ടും സ്വര്‍ണക്കട്ടിയാക്കി മാറ്റുകയാണ് പതിവ്.
Post Your Comments