നെയ്യാറ്റിൻകര : ബാങ്കിന്റെ ജപ്തിനടപടിയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴി പുറത്ത്. ബാങ്കുകാർ നിരന്തരം ഭാര്യയെ വിളിച്ചിരുന്നു. ലേഖയുടെ ഫോണിൽ ഇതിന്റെ തെളിവുകൾ ഉണ്ടെന്നും ഭർത്താവ് ചന്ദ്രൻ പറഞ്ഞു. മകൾ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു.വായ്‌പ്പാ തിരിച്ചടയ്ക്കാനായി ബാങ്ക് അധികൃതർ മകളുടെയും ഒപ്പ് വാങ്ങി.മകളും ഒപ്പിടണമെന്ന് മാനേജർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ പറഞ്ഞു.
വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടർന്ന് ബാങ്കുകാർ കോടതി ഉത്തരവുമായി ഒന്നരമാസംമുൻപ് ജപ്തിക്കായി എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ജപ്തി നിർത്തിവെച്ചു. നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട ‘വൈഷ്ണവി’യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്.
15 വർഷംമുൻപ് കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന് പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രൻ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഇതിൽ കുടിശ്ശിക വരുത്തിയതിനാണ് ജപ്തിനടപടിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതർ ഇവരെ അറിയിച്ചിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
Post Your Comments