കാബൂള്‍: യുവ രാഷ്ട്രീയ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മിന മംഗളിന്റെ കൊലപാതകം, അഫ്ഗാനിസ്ഥാനില്‍ മിന മംഗളിന്റെ കൊലപാതകത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ചയാണ് പട്ടാപ്പകല്‍ മിനയെ ഒരു സംഘം കാബുളില്‍വച്ച് വെടിവെച്ചുകൊന്നത്. അഫ്ഗാന് പാര്‍ലമെന്റ് കള്‍ചറല്‍ അഫയേഴ്സ് കമ്മീഷന്റെ ഉപദേശകയായിരുന്നു മിന. അഫ്ഗാനിസ്ഥാനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വനിത രാഷ്ട്രീയ പ്രവര്‍ത്തകയായ മിന രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് അഫ്ഗാനിലെ പ്രധാന വാര്‍ത്ത ചാനലിലെ അവതാരകയും റിപ്പോര്‍ട്ടറുമായിരുന്നു.
കൊലപാതകം നടത്തിയ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിഷേധിച്ച് കാമ്പയിന് നടക്കുകയാണ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്കി. മേയ് ആദ്യവാരം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മിന ട്വീറ്റ് ചെയ്തിരുന്നു.
മിന രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍നിന്ന് മാറിയാണ് താമസിക്കുന്നത്. ഭര്‍ത്താവ് ജംഷീദ് റസൂലിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും മിനക്ക് സുരക്ഷ ലഭ്യമാക്കിയില്ലെന്ന് പിതാവ് ആരോപിച്ചു.
Post Your Comments