കൊച്ചി : ആലുവയിൽ നടന്ന സ്വര്‍ണ കവര്‍ച്ചാക്കേസിൽ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ആരെയും പോലീസിന് പിടിക്കൂടാനായില്ല. ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണമാണ് മോഷണം പോയത്. കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
എന്നാല്‍ പ്രതികളെ പറ്റി സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ല.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പ്രതികൾ ഗുണ്ടാസംഘങ്ങളാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും ബൈക്കിന്റെ പിന്നിലിരുന്ന ആൾ ഹെൽമെറ്റ് വെച്ചിട്ടുണ്ടെന്ന് വ്യക്തമായി.ഇതോടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments