Latest NewsKerala

മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലേ ? ജനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഇനി പണികിട്ടുന്നത് സര്‍ക്കാരിന്

തിരുവനന്തപുരം: കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വീണ് അപകടങ്ങള്‍ നടക്കുന്നത് നമ്മുടെ സംസ്ഥാനത്ത് പുതിയ കാര്യമൊന്നുമല്ല. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എന്തെല്ലാം പ്രക്ഷോഭങ്ങള്‍ നടത്തിയാലും അധികൃതര്‍ക്ക് കണ്ട ഭാവമേ ഉണ്ടാകാറില്ല. റോഡിലെ കുഴിയില്‍ വാഴ നട്ടും വള്ളമിറക്കിയും പ്രതിഷേധിക്കുക എന്നതല്ലാതെ കയ്യും കാലും ഒടിഞ്ഞവന് ഒരു പരിഹാരമേകാന്‍ സര്‍ക്കാരും ശ്രമിക്കാറില്ല. എന്നാല്‍ അപകടകാര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത തീരുമാനമെടുത്തിരിക്കുകയാണ് ഹൈക്കോടതി.

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊതുറോഡുകള്‍ നല്ല രീതിയില്‍ പരിപാലിക്കാന്‍ സര്‍ക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

മഴ മൂലം റോഡിലെ ടാര്‍ ഒഴുകിപ്പോയി കുഴിയുണ്ടായതും തെരുവ് വിളക്കില്ലാതെ കുഴി ശ്രദ്ധയില്‍ പെടാതിരുന്നതും ചൂണ്ടിക്കാട്ടി നഷ്ട പരിഹാരം തേടി ഹര്‍ജിക്കാരിയായ ശാന്തമ്മ പത്തനംതിട്ട സബ്കോടതിയെ സമീപിച്ചു. അതേസമയം റോഡില്‍ കുഴിയുണ്ടായിരുന്നില്ലെന്നും തെരുവ് വിളക്കില്ലാത്തത് തങ്ങളുടെ കുറ്റമല്ലെന്നായിരുന്നു കലക്ടറുടേയും പൊതുമരാമത്ത് വകുപ്പിന്റേയും വാദം.

റോഡില്‍ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതില്‍ സര്‍ക്കാര്‍ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. സംസ്ഥാനത്ത് അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും ചെടികള്‍ വെച്ചും കോലില്‍ തുണികെട്ടിയുമൊക്കെയാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button